തിരുവനന്തപുരം
ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംസ്ഥാനത്ത് ശക്തമായ മഴയും ഇടിമിന്നലും കടൽക്ഷോഭവും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. തിങ്കളാഴ്ച പാലക്കാട്, വയനാട് ഒഴിച്ചുള്ള ജില്ലകളിൽ മഞ്ഞ അലർട്ട് (അതിശക്തമായ മഴ) പ്രഖ്യാപിച്ചു. കേരള തീരത്ത് 4.5 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണം. ബുധനാഴ്ച വരെ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും ഇടിമിന്നലോടെ മഴയ്ക്കും സാധ്യതയുണ്ട്. മീൻപിടിത്തത്തിനുള്ള നിരോധനം തുടരും. മീനച്ചിലാറിൽ പ്രളയ മുന്നറിയിപ്പുണ്ട്.
കനത്ത മഴയിലും കടൽക്ഷോഭത്തിലും ഞായറാഴ്ചയും വ്യാപകനാശനഷ്ടമുണ്ടായി. വടക്കൻ കേരളത്തിലാണ് കൂടുതൽ നാശം. വീടുകളിൽ വെള്ളം കയറി. മരം ഒടിഞ്ഞുവീണ് വീടുകളും പോസ്റ്റുകളും തകർന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. റോഡുകളും തകർന്നു. സംസ്ഥാനത്ത് 141 ക്യാമ്പിലായി 1300 കുടുംബങ്ങളിലെ 4712 പേരെ മാറ്റിപ്പാർപ്പിച്ചു. തിരുവനന്തപുരത്ത് സ്ഥിരമായി തുടരുന്ന അഞ്ചു ക്യാമ്പിൽ 581 പേരും ഇടുക്കിയിലെ ഒരു ക്യാമ്പിൽ നാലു പേരുമുണ്ട്. എല്ലാ ജില്ലയിലും താലൂക്ക് കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കുന്നു.
കൊച്ചിയിൽനിന്ന് മീൻപിടിത്തത്തിനുപോയി കാണാതായ ബോട്ടിലെ എട്ടു പേരെ കണ്ടെത്തി. ബോട്ടു മുങ്ങിയതോടെ ലക്ഷദ്വീപിലെ കടമത്ത് ദ്വീപിൽ നീന്തിക്കയറുകയായിരുന്നു ഇവർ. ഒരാളെ കണ്ടെത്താനായില്ലെന്നും മറ്റുള്ളവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും തീരസംരക്ഷണ സേന അറിയിച്ചു. ബേപ്പൂരിൽനിന്ന് പോയി കാണാതായ ബോട്ട് മംഗളൂരുവിന് സമീപം കണ്ടെത്തി.
മൂന്ന് അണക്കെട്ടിൽ
ചുവപ്പ് അലർട്ട്
കല്ലാർകുട്ടി, ലോവർ പെരിയാർ, മൂഴിയാർ അണക്കെട്ടുകളിൽ ചുവപ്പ് അലർട്ടും (മൂന്നാംഘട്ട മുന്നറിയിപ്പ്), പെരിങ്ങൽകുത്തിൽ ഓറഞ്ച് അലർട്ടും (രണ്ടാംഘട്ട മുന്നറിയിപ്പ്), പൊന്മുടിയിൽ നീല അലർട്ടും (ഒന്നാംഘട്ട മുന്നറിയിപ്പ്) നൽകി. മലങ്കര, നെയ്യാർ, കുറ്റ്യാടി, കാരാപ്പുഴ, ശിരുവാണി, കല്ലട, കാഞ്ഞിരപ്പുഴ, പീച്ചി, മണിയാർ, ഭൂതത്താൻകെട്ട്, മൂലത്തറ ഡാമുകളിൽനിന്ന് നിയന്ത്രിത അളവിൽ വെള്ളം പുറത്തുവിടുന്നുണ്ട്.
കൂടുതൽ മഴ വടകരയിലും
വൈത്തിരിയിലും
24 മണിക്കൂറിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്തത് വടകരയിലും വയനാട് വൈത്തിരിയിലും. ശനിയാഴ്ച രാവിലെ എട്ടു മുതൽ ഞായറാഴ്ച രാവിലെ എട്ടു വരെ വടകരയിൽ 233.4 ഉം വൈത്തിരിയിൽ 210 ഉം മില്ലീ മീറ്റർ മഴയാണ് ലഭിച്ചത്. തളിപ്പറമ്പിൽ 170.2 ഉം തലശേരിയിൽ 169ഉം കൊയിലാണ്ടിയിൽ 156ഉം മില്ലീ മീറ്റർ മഴ പെയ്തു.
നാളെ
ഗുജറാത്തിൽ
അറബിക്കടലിൽ രൂപംകൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറി ചൊവ്വാഴ്ച പുലർച്ചെ ഗുജറാത്ത് തീരത്ത് പ്രവേശിക്കും. നിലവിൽ ഗോവയിലെ പനാജി തീരത്തുനിന്ന് 120 ഉം മുംബൈ തീരത്തുനിന്ന് 380 ഉം ഗുജറാത്ത് തീരത്തുനിന്ന് 620 ഉം കിലോമീറ്റർ അകലെയാണ്. അതിതീവ്ര ചുഴലിക്കാറ്റായി വടക്ക്, വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് പോർബന്ദർ, മഹുവ തീരങ്ങൾക്കിടയിലൂടെ ഗുജറാത്തിൽ പ്രവേശിക്കും. ഈ സമയം 175 കിലോമീറ്റർ വരെ വേഗതയാണ് പ്രവചിക്കുന്നത്.