കൊച്ചി
കോവിഡിനെതിരെ അക്ഷീണം പ്രവര്ത്തിക്കുന്ന ആരോഗ്യപ്രവര്ത്തകര്ക്ക് ആദരമര്പ്പിച്ച് പുറത്തിറങ്ങിയ ഭരതനാട്യം വൈറലാകുന്നു. ഭരതനാട്യ കലാകാരിയും കോസ്റ്റ്യൂം ഡിസൈനറുമായ രമ്യ സുവിയും ആര്ട്ട് ഡയറക്ടറും അനിമേറ്ററുമായ ഭർത്താവ് സുവി വിജയും ചേര്ന്നാണ് ഇത് പുറത്തിറക്കിയത്. ഫെയ്സ്ബുക്കിൽ ഈ ഹ്രസ്വ ഭരതനാട്യത്തിന് വിദേശരാജ്യങ്ങളിലുള്പ്പെടെ വന് സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒരു മിനിറ്റ് 37 സെക്കന്ഡാണ് ദൈര്ഘ്യം.
കോവിഡിനെതിരെ പോരാടുന്നവര്ക്ക് ആദരമര്പ്പിച്ച് നര്ത്തകി എന്ന നിലയില് എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് രമ്യയെ ഈ ഹ്രസ്വ ഭരതനാട്യത്തിലേക്കെത്തിച്ചത്. രമ്യ തന്നെയാണ് പ്രമേയം കണ്ടെത്തി നൃത്തം ചിട്ടപ്പെടുത്തിയത്. എ ആര് റഹ്മാന്റെ ‘ഒരേ കനാ വാഴ്വിലെ അതൈ നെഞ്ചില് വൈയ്ത്തിരുന്തേന്…’ ഗാനവും ഇതേഗാനത്തിന് ശക്തിശ്രീ ഗോപാലന് പാടിയ കവര്ഗാനവും കോര്ത്തിണക്കിയാണ് ഗാനമൊരുക്കിയത്. ക്യാമറയും സംവിധാനവും സുവി വിജയ് ആണ് നിർവഹിച്ചത്. രമ്യയുടെയും സുവിയുടെയും സംരംഭമായ ബോധി ആര്ട്ട് വില്ലെയുടെ ബാനറില് ഏപ്രില് മൂന്നിന് ഫെയ്സ്ബുക്കിൽ പുറത്തിറക്കി. ദിവസങ്ങള്ക്കുള്ളില് നിരവധിയാളുകളാണ് കണ്ടത്. ഇതിനുമുന്നേ കൊവിഡ്–-19 വ്യാപനം തടയുന്നതിന് കൈകഴുകലും മാസ്ക് ധരിക്കലും ശീലമാക്കാന് ആഹ്വാനം ചെയ്യുന്ന ഭരതനാട്യവും ഇവര് പുറത്തിറക്കിയിരുന്നു.
സാധാരണക്കാര്ക്ക് ആസ്വാദ്യകരമായ കലയായി ഭരതനാട്യത്തെ വളര്ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടുമാസം മുമ്പാണ് ഹ്രസ്വ ഭരതനാട്യവുമായി ഇവര് സാമൂഹ്യമാധ്യമങ്ങളില് സജീവമായത്. കുറഞ്ഞ സമയദൈര്ഘ്യവും ആകര്ഷകമായ കൊറിയോഗ്രഫിയുംകൊണ്ട് ശ്രദ്ധ നേടിയ ഹ്രസ്വ ഭരതനാട്യത്തിന് നിരവധി കാഴ്ചക്കാരുണ്ട്. മിക്ക വീഡിയോകള്ക്കും ഇംഗ്ലീഷ് സബ്ടൈറ്റിലുള്ളതുകൊണ്ട് തന്നെ നിരവധി വിദേശീയരും കാഴ്ചക്കാരായെത്തുന്നുണ്ട്. ഭരതനാട്യത്തില് തന്റേതായ സംഭാവനകള് നല്കി ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധേയയായ രമ്യ കൊച്ചിയിലാണ് താമസം. മകന് ബോധി.