ഫോട്ടോഗ്രാഫി ഭൂപടത്തില് കോട്ടക്കലിനൊരു പ്രത്യേക സ്ഥാനം എല്ലാ കാലത്തുമുണ്ടായിരുന്നു. മലയാളിയുടെ കാഴ്ചവട്ടങ്ങളെ ക്യാമറകണ്ണില് ഒപ്പിയെടുത്ത നിരവധിപേരാണ് കോട്ടയ്ക്കലിനെ പേരിനൊപ്പം ചേര്ത്തത്. റസാക്ക് കോട്ടക്കല് എന്ന മഹാപ്രതിഭയുടെ സാന്നിധ്യമാണ് കോട്ടക്കലെന്ന സ്ഥലനാമത്തിന് ഫോട്ടോഗ്രാഫി ഭൂപടത്തില് ഇരിപ്പുറപ്പിച്ചതെങ്കിലും പുതുതല മുറയിലൂടെയും അതാവര്ത്തിക്കുകയാണ് ജമേഷ് കോട്ടയ്ക്കല് എന്ന ഫാഷന് ഫോട്ടോഗ്രാഫര്.
കടുത്ത സിനിമാമോഹമാണ് ജമേഷിനെ ക്യാമറയ്ക്ക് പിന്നില് എത്തിച്ചത്. കോട്ടക്കലിലെ ആദ്യ സ്റ്റുഡിയോ ഉടമകളാണ് ജമേഷിന്റെ കുടുംബം. ഉപ്പയില് നിന്നാണ് ഫോട്ടോഗ്രഫിയുടെ ബാലപാഠങ്ങള് പഠിച്ചത്. ചന്ദ്രികയിലെ ഫോട്ടോഗ്രാഫറായിരുന്ന ബന്ധു കൂടിയായ കുഞ്ഞാമുട്ടിയില് നിന്നും ഫോട്ടോഗ്രാഫിയിലെ സര്ഗാത്മക സാധ്യതകളെക്കുറിച്ചും കേട്ടറിഞ്ഞ ജമേഷ് തൊഴിലായി ഫോട്ടോഗ്രാഫി സ്വീകരിച്ചതിനുശേഷം വിവിധ കോഴ്സുകളും ചെയ്തിട്ടുണ്ട്.
കല്യാണവീടുകളില് ലൈറ്റ് ബോയ് ആയി ക്യാമറക്കൊപ്പം കൂടിയ ജമേഷ് സ്കൂള് കാലത്താണ് ആദ്യമായി ക്യാമറയില് കൈവെക്കുന്നത്. പിന്നീട് സ്റ്റുഡിയോകളിലും കല്യാണവീടുകളിലും വിവിധ മുഖങ്ങളെ തന്റെ ക്യാമറയില് പതിപ്പിച്ചു. സൃഷ്ടികള്ക്കായുള്ള ശ്രമങ്ങള് പക്ഷേ സിനിമ മോഹത്തില് ഉടക്കിയതിനാല് മനുഷ്യശരീരങ്ങളെയും അവയുടെ ജീവിത മുഹൂര്ത്തങ്ങളെയും ഒപ്പിയെടുക്കുന്ന ഒരാളായി ജമേഷ് രൂപപ്പെട്ടു
ഇന്ന് സിനിമാതാരങ്ങളുടെ പോര്ട്ട്റേറ്റുകള് എടുക്കുന്ന കേരളത്തിലെ എണ്ണംപറഞ്ഞ ഒരു ഫോട്ടോഗ്രാഫറായി ജമേഷ് വളര്ന്നിരിക്കുന്നു. നിരവധി മാഗസിനുകള്കായും ഫാഷന് വീക്കുകള്കായും ജമേഷ്ഫോട്ടോഷൂട്ടുകള് നടത്തി. പരസ്യ ചിത്രങ്ങള്ക്കും മാഗസിനുകള്ക്കുമായി ഇദ്ദേഹത്തിന്റെ ക്യാമറകണ്ണുകള് ഇപ്പോഴും തുറന്നിരിപ്പാണ് .
നിരവധി സിനിമാ താരങ്ങളുടെ ഇഷ്ട ഫോട്ടോഗ്രാഫറായ ജമേഷിന്റെ ക്യാമറകണ്ണുകളില് സിനിമാജീവിതം രേഖപ്പെടുത്തിയ നടിമാരാണ് ചാര്മിളയും സംയുക്താവര്മ്മയും മീരാജാസ്മിനും കാവ്യാമാധവനുമെല്ലാം. ജമേഷിന്റെ ക്യാമറക്ക് പാത്രമാകാത്ത താരങ്ങള് കുറവായിരിക്കുമെങ്കിലും മമ്മൂട്ടിയാണ് സെലിബ്രിറ്റി ഫാഷന് ഫോട്ടോഗ്രഫിയിലേക്ക് ജമേഷിനെ കൈപ്പിടിച്ചുയര്ത്തിയത്. അദ്ദേഹത്തിന്റെ പ്രോത്സാഹനങ്ങളാണ് ജമേഷിനെ തന്റെ മേഖലയില് തുടരാന് ശക്തി പകര്ന്നത്.
ഒരു കലാസൃഷ്ടി എന്ന നിലയില് ഫോട്ടോഗ്രാഫി ഒരു ചരിത്രരേഖയാണ്. ഒരു മനുഷ്യന്റെ ജീവിത മുഹൂര്ത്തങ്ങള് ഡോക്യുമെന്റ് ചെയ്യുകവഴി ഒരു നാടിന്റെ സാംസ്കാരിക ചരിത്രത്തെ അത് വെളിവാക്കുന്നു. മനുഷ്യ ജീവിതത്തിലെ സന്തോഷ മുഹൂര്ത്തങ്ങളെ മാത്രം ഒപ്പിയെടുക്കാന് വിധിക്കപ്പെട്ടവരായ ഒരു വിഭാഗം ഫോട്ടോഗ്രാഫര്മാര് ഉണ്ട്. അവരാണ് ഭൂരിഭാഗവും. താനും അവരിലൊരാളാണെന്നും ജമേഷ് പറയുന്നു.
ജീവിത യാഥാര്ത്ഥ്യങ്ങളിലേക്ക് തുറന്നുവെച്ച കണ്ണുകളാണ് ക്യാമറ എങ്കില് എല്ലാതരം ജീവിതമുഹൂര്ത്തങ്ങളും പകര്ത്തപ്പെടുന്ന സൃഷ്ടിയാകുമ്പോഴാണ് ഫോട്ടോഗ്രാഫി ഒരു കലാരൂപമായി രൂപപ്പെടുക എന്നാണ് ജമേഷിന്റെ പക്ഷം. അത്തരത്തിലുള്ള സൃഷ്ടികളുടെ പ്രദര്ശനം സാധ്യമാക്കിയ ബിനാലെ പോലെയുള്ള പരിപാടികളിലൂടെ സാമാന്യജനത്തിനിടയില് ഫോട്ടോഗ്രാഫിയെക്കുറിച്ചു പുതിയ ആലോചനകള് സാധ്യമാക്കാന് സാധിക്കുമെന്നും ജമേഷ് കൂട്ടിച്ചേര്ത്തു.
സിനിമാമോഹം ഒടുവില് മലപ്പുറത്തിന്റ ഫുട്ബോള് ആരാധനയുടെ കഥ പറയുന്ന പൃഥ്വിരാജിനെ നായകനാക്കിയുള്ള സിനിമയുടെ പ്രഖ്യാപനത്തില് എത്തിയെങ്കിലും കോവിഡ് പശ്ചാത്തലത്തില് അത് നീണ്ടുപോവുകയാണുണ്ടായത്. കോവിഡ് മഹാമാരി അവസാനിച്ചശേഷം സിനിമയുടെ പ്രവര്ത്തനങ്ങളിലേക്ക് തന്നെ മടങ്ങാനാണ് തീരുമാനം.
മലപ്പുറത്തിന്റ കഥ പറയാന് തന്റെ ക്യാമറ കാഴ്ചകള് ബലം നല്കുമെന്നാണ് ജമേഷിന്റെ പ്രതീക്ഷ. തൊഴിലിന്റെ ഭാഗമായി നിരവധി രാജ്യങ്ങളില് യാത്ര ചെയ്തിട്ടുള്ള ജമേഷ് ഒരു വ്ളോഗറും കൂടിയാണ്. കോട്ടക്കലിലെ വീട്ടില് വിശ്രമത്തിലാണിപ്പോള് ജമേഷ്