തിരുവനന്തപുരം> സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് ആസ്വാദനത്തിന്റെ പൊതു ഇടമൊരുക്കി തിരുവനന്തപുരം സ്വദേശിനിയായ ചിത്രകാരി. പേരൂർക്കട സ്വദേശിനിയായ ആർട്ടിസ്റ്റ് ഡോ.രേഷ്മ തോമസാണ് ത്രിമാന, വിർച്വൽ റിയാലിറ്റി ചിത്രപ്രദർശനം ഓൺലൈനിൽ ആരംഭിച്ചത്. ‘ഓഫ് റൂട്ട്സ് ആൻഡ് കണക്ഷൻസ്’ എന്ന് പേരിട്ട ചിത്രപ്രദർശനം 25വരെ ഓൺലൈനിൽ കാണാം.
അശാന്തമായ കാലത്ത് ഓർമകളുടെ വേരുകളും ബന്ധങ്ങളും തിരയുന്ന ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആവശ്യക്കാർക്ക് ചിത്രം ഓൺലൈനായി വാങ്ങാനും അവസരമുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ സൃഷ്ടിച്ച പരിമിതികൾ മറികടക്കാനും ഓൺലൈൻ പ്രദർശനങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനുമാണ് വിർച്വൽ റിയാലിറ്റി ചിത്രപ്രദർശനം ആരംഭിച്ചതെന്ന് രേഷ്മ തോമസ് പറഞ്ഞു.
മൊബൈൽ ഫോണിലും കമ്പ്യൂട്ടർ സ്ക്രീനിലും സ്മാർട്ട് ടി വിയിലുമൊക്കെ ഒരു ആർട് ഗാലറിയിലെത്തിയ സന്ദർശകരെന്നപോലെ കാണാനാവും വിധമാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. വി ആർ ഗ്ലാസുകൾ ഉപയോഗിച്ച് ത്രീ ഡി അനുഭവമായും പ്രദർശനം കാണാം. ലോക്ഡൗണിനെത്തുടർന്ന് യാത്രകൾ നിലച്ചതോടെ അന്യമായിപ്പോയ കാടിന്റെ പച്ചപ്പും കടലിന്റെ നീലിമയും ഉദയാസ്തമയങ്ങളുടെ നിറഭേദങ്ങളുമെല്ലാം ചിത്രങ്ങളിൽ കാണാം. ഹാൻഡ്മെയിഡ് പേപ്പറിൽ പെയിന്റ് ചെയ്ത ചിത്രങ്ങളിലെല്ലാം ഗൃഹാതുരത്വത്തിന്റെ പ്രതീകമെന്നൊണം മഞ്ചാടിക്കുരുക്കളുടെ സാന്നിധ്യമുണ്ട്.
മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്ന് ട്രാൻസ്ജൻഡർ ജീവിതവും ആരോഗ്യസംവിധാനങ്ങളും സംബന്ധിച്ച താരതമ്യ പഠനത്തിൽ ഡോക്ടറേറ്റ് നേടിയ രേഷ്മ, കേരളം ലിംഗനയം രൂപപ്പെടുത്തിയപ്പോൾ അതിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നു. കേരളത്തിനകത്തും പുറത്തും ചിത്രപ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.