ലഖ്നൗ
കോവിഡ് ബാധിതരുടെ മൃതദേഹങ്ങള് കൂട്ടത്തോടെ ഒഴുക്കിവിടുന്ന വാര്ത്തകള്ക്ക് പിന്നാലെ മാനദണ്ഡംപാലിക്കാതെ നദീതീരങ്ങളില് ശവമടക്കുന്നതിന്റെ കൂടുതല് വിവരങ്ങള് പുറത്ത്. വന്തുകമുടക്കി മാനദണ്ഡപ്രകാരം ശവസംസ്കാരം നടത്താന് സാധിക്കാത്ത നാട്ടുകാര് മൃതദേഹത്തില് കല്ലുകെട്ടി നദികളില്താഴ്ത്തുകയും തീരത്ത് മണ്ണ്മാന്തി പൂഴ്ത്തുകയും ചെയ്യുന്നു. ചുറ്റും നിരവധി മരണം നടക്കുന്നതില് കല്ലുകെട്ടി താഴ്ത്തുന്നതും നദിയിലൊഴുക്കുന്നതും സാധാരണകാഴ്ചയായി മാറിയെന്ന് യുപിയിലെ സാധുല്ലാഹ്പുര് ഗ്രാമവാസി കിദ്വായ് അഹ്മദ് എഎഫ്പിയോട് പറഞ്ഞു.
നദീതീരത്ത് ചെറിയകുഴിമാത്രം എടുത്ത് മൂടുന്ന മൃതദേഹങ്ങള് പട്ടിയും മറ്റും വലിച്ചുപുറത്തിടുന്നതും സ്ഥിരംകാഴ്ച. ദരിദ്രരായ നാട്ടുകാര് നാട്ടുവൈദ്യംകൊണ്ട് കൊറോണയെ നേരിടുകയാണ്. ഉന്നാവോയില് മാത്രം നദീതീരത്ത് മണ്ണിമാന്തി മൂടിയനിലയില് ഡസന് കണക്കിന് മൃതദേഹം കണ്ടെത്തി. ചിതയൊരുക്കാന് വിറകില്ലെന്ന പരാതി വ്യാപകമായതോടെ നദീതീരത്ത് പെട്രോള് വില്പന തകൃതിയായി.
ഗ്രാമീണമേഖലകളില് ഡോക്ടര്മാരില്ലെന്നതും വലിയ പ്രതിസന്ധിയാണ്. നാട്ടുകാര് മരുന്നുകടയില് എത്തി ലക്ഷണം പറഞ്ഞ് കിട്ടിയമരുന്ന് വാങ്ങികഴിക്കുന്നു. എല്ലാവരില് നിന്നും മറച്ചുവയ്ക്കപ്പെട്ട ഇന്ത്യന് യാതാര്ത്ഥ്യമാണിതെന്ന വിവരണത്തോടെയാണ് അന്താരാഷ്ട്രവാര്ത്താഏജന്സിയായ എഎഫ്പി യുപി ഗ്രാമാന്തരങ്ങളിലെ സ്ഥിതി റിപ്പോര്ട്ട് ചെയ്യുന്നത്.