ഓസ്ട്രേലിയയിലെ വീടുവില കുതിച്ചുയരുന്നതിനിടയിലും, പുതിയ വീടുവാങ്ങുന്നതിന് കൂടുതൽ ആനുകൂല്യങ്ങൾ നൽകുമെന്ന് ഫെഡറൽ സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചു.
ഓസ്ട്രേലിയയിൽ ആദ്യവീടു വാങ്ങാൻ ശ്രമിക്കുന്നവർക്ക് കൂടുതൽ പിന്തുണ നൽകുന്നു എന്ന പ്രഖ്യാപനത്തോടെയാണ് സർക്കാർ പുതിയ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചത്.
ആദ്യ വീടു വാങ്ങാൻ ശ്രമിക്കുന്നവർക്കായി മൂന്നു പ്രധാന പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
അതോടൊപ്പം, പ്രായമേറിയവർക്ക് ചെറിയ വീട്ടിലേക്ക് മാറുമ്പോൾ (ഡൗൺസൈസിംഗ്) കൂടുതൽ തുക സൂപ്പറാന്വേഷനിൽ നിക്ഷേപിക്കാനും അനുവാദം നൽകും.
ഫസ്റ്റ് ഹോം ലോൺ ഡിപ്പോസിറ്റ്
വിലയുടെ അഞ്ചു ശതമാനം മാത്രം കൈയിൽ നിന്ന് മുടക്കി ആദ്യ വീടു വാങ്ങാൻ സർക്കാർ സഹായിക്കുന്ന പദ്ധതിയാണ് ഇത്.
2021-22 സാമ്പത്തികവർഷം 10,000 പേർക്ക് കൂടി ഈ ആനുകൂല്യം നൽകുമെന്ന് സർക്കാർ ബജറ്റിൽ വ്യക്തമാക്കി.
20 ശതമാനം ആദ്യ ഡിപ്പോസിറ്റ് നൽകിയില്ലെങ്കിൽ ലെൻഡേഴ്സ് മോർട്ട്ഗേജ് ഇൻഷ്വറൻസ് (LMI) ഇനത്തിൽ നല്ലൊരു തുക ചെലവാക്കണം എന്നാണ് വ്യവസ്ഥ.
എന്നാൽ ഫസ്റ്റ് ഹോം ലോൺ ഡിപ്പോസിറ്റ് പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്നവർ, വീടുവിലയുടെ അഞ്ചു ശതമാനം കൈയിൽ നിന്നു നൽകുമ്പോൾ ബാക്കി 15 ശതമാനത്തിന് സർക്കാർ ഗ്യാരന്റി നിൽക്കും.
ഇതോടെ LMI ഇല്ലാതെ തന്നെ വീടു വാങ്ങാൻ കഴിയും.
ആദ്യ ഡിപ്പോസിറ്റിനുള്ള തുക കണ്ടെത്താനായി ഏറെ കാലം കാത്തിരിക്കാതെ തന്നെ ചെറുപ്പക്കാർക്ക് വീടു വിപണിയിലേക്ക് എത്താനായാണ് ഈ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്.
ജൂലൈ ഒന്നിനു ശേഷം ആദ്യം അപേക്ഷിക്കുന്ന പതിനായിരംപേർക്കാകും ഇത് ലഭിക്കുക.
ഫസ്റ്റ് ഹോം സൂപ്പർ സേവർ പദ്ധതി
സൂപ്പറാന്വേഷൻ ഫണ്ടിൽ അധികപണം നിക്ഷേപിച്ച് വീടു വാങ്ങാൻ ആവശ്യമായ ഡിപ്പോസിറ്റ് തുക സ്വരൂപിക്കുന്നതിനായി തുടങ്ങിയ പദ്ധതിയാണ് ഇത്.
നികുതി ഇളവോടു കൂടി സൂപ്പർ ഫണ്ടിൽ അധിക തുക നിക്ഷേപിക്കാൻ കഴിയും.
സൂപ്പർ ഫണ്ടിൽ അധികമായി നിക്ഷേപിച്ച തുകയിൽ നിന്ന് 30,000 ഡോളർ വരെ ആദ്യവീടു വാങ്ങാനായി പിൻവലിക്കാം എന്നായിരുന്നു ഇതുവരെയുള്ള വ്യവസ്ഥ.
ഇത് 50,000 ഡോളറായി ഉയർത്തിയിട്ടുണ്ട്.
2021 ജൂലൈ ഒന്നു മുതലാകും 50,000 ഡോളർ വരെ ഇങ്ങനെ പിൻവലിക്കാൻ കഴിയുക.
ഫാമിലി ഹോം ഗ്യാരന്റി
ഒറ്റയ്ക്ക് കുട്ടികളെ നോക്കുന്ന രക്ഷിതാക്കൾക്ക് (സിംഗിൾ പേരന്റ്) രണ്ടു ശതമാനം ആദ്യ നിക്ഷേപം നൽകി വീടു വാങ്ങാൻ സഹായിക്കുന്ന പദ്ധതിയാണ് ഇത്.
പുതിയ വീടു നിർമ്മിക്കാനോ, പഴയ വീടു വാങ്ങാനോ ഇതിലൂടെ കഴിയും. 10,000 പേർക്കാകും ഈ ആനുകൂല്യവും ലഭിക്കുക. ജൂലൈ ഒന്നു മുതൽ ഇതും പ്രാബല്യത്തിൽ വരും.
ഡൗൺസൈസിംഗ് ഇളവ്
വീടു വിറ്റ് ചെറിയ വീട്ടിലേക്ക് മാറുന്നവർക്ക് (ഡൗൺസൈസിംഗ്) സൂപ്പറാന്വേഷനിലേക്ക് അധിക തുക നിക്ഷേപിക്കാൻ അനുവദിക്കുന്ന കുറഞ്ഞ പ്രായത്തിൽ മാറ്റം വരുത്താനും സർക്കാർ തീരുമാനിച്ചു.
65 വയസിനു മേൽ പ്രായമുള്ളവർക്കായിരുന്നു ഇത്തരത്തിൽ വീടു വിൽക്കുമ്പോൾ സൂപ്പറാന്വേഷനിലേക്ക് അധിക നിക്ഷേപം നടത്താൻ അനുവാദം നൽകിയിരുന്നത്.
മൂന്നുലക്ഷം ഡോളർ വരെയാണ് അധികമായി നിക്ഷേപിക്കാവുന്നത്.
എന്നാൽ ഇത് ഇനി മുതൽ 60 വയസിനു മേൽ പ്രായമുള്ളവർക്ക് സാധ്യമാകും.
നേരത്തേ തന്നെ ഡൗൺസൈസ് ചെയ്യാൻ കൂടുതൽ പേരെ ഈ പദ്ധതി സഹായിക്കുമെന്നും, അതിലൂടെ വിപണിയിലേക്ക് കൂടുതൽ വീടുകളെത്തുമെന്നും ട്രഷറർ പറഞ്ഞു.
കടപ്പാട്: SBS മലയാളം