ന്യൂഡൽഹി
റഷ്യൻ നിർമിത വാക്സിന് സ്പുട്നിക് വി ഒരു ഡോസിന് ഇന്ത്യയില് വില 995.4 രൂപ. അഞ്ച് ശതമാനം ജിഎസ്ടി അടക്കമുള്ള വിലയാണിത്. ഇന്ത്യയിൽ ഉൽപ്പാദിപ്പിച്ചു തുടങ്ങുന്നതോടെ വില കുറയുമെന്ന് ഡോ. റെഡ്ഡീസ് ലാബ് അറിയിച്ചു. വാക്സിന്റെ പരീക്ഷണ കുത്തിവയ്പ് വെള്ളിയാഴ്ച ഹൈദരാബാദിൽ തുടങ്ങി. മെയ് ഒന്നിനാണ് വാക്സിന് റഷ്യയിൽനിന്ന് എത്തിച്ചത്. ഉപയോഗാനുമതി മെയ് 13ന് ലഭിച്ചു.
റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടുമായി ചേർന്ന് സ്പുട്നിക് ഇന്ത്യയിൽ ലഭ്യമാക്കുന്നത് ഡോ. റെഡ്ഡീസ് ലാബാണ്. ഇന്ത്യയിൽ വാക്സിൻ നിർമിക്കാന് ആറ് കമ്പനിയുമായി റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ധാരണയായി.
റഷ്യയിൽ വികസിപ്പിച്ച ഒറ്റഡോസ് വാക്സിനായ സ്പുട്നിക് ലൈറ്റിന് ഇന്ത്യയില് അടിയന്തര ഉപയോഗാനുമതിക്കുവേണ്ടി ജൂണിൽ സർക്കാരുമായും ഡ്രഗ്സ് കൺട്രോളർ ജനറലുമായും ചർച്ചയാരംഭിക്കുമെന്ന് ഡോ. റെഡ്ഡീസ് ലാബ് സിഇഒ ദീപക് സപ്ര അറിയിച്ചു. 79.4 ശതമാനം ഫലപ്രാപ്തി വാക്സിന് അവകാശപ്പെടുന്നു. ഒറ്റ കുത്തിവയ്പിൽ തന്നെ പ്രതിരോധശേഷി കൈവരിക്കാമെന്നത് ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന് നേട്ടമാകുമെന്ന് സപ്ര പറഞ്ഞു. രണ്ടാം ഡോസ് കൂടി എടുത്താൽ സ്പുട്നിക് ലൈറ്റിന്റെ ഫലപ്രാപ്തി 91.6 ശതമാനമാകും.