ന്യൂഡൽഹി
ജനസംഖ്യയുടെ 60 ശതമാനത്തിനും ഒരു ഡോസ് വാക്സിനെങ്കിലും നല്കിയതോടെ ഇനി മാസ്കുകള് ഉപേക്ഷിക്കാമെന്ന് യുഎസ് പ്രസിഡന്റ് പ്രഖ്യാപിക്കുമ്പോൾ രോഗവ്യാപനം അതിതീവ്രമായ ഇന്ത്യയിൽ കുത്തിവയ്പ്പ് മന്ദഗതിയിൽ. ഇന്ത്യയില് രണ്ട് ഡോസ് കുത്തിവയ്പ്പ് മൂന്ന് ശതമാനംപേര് പോലും എടുത്തിട്ടില്ല. ഒറ്റ ഡോസ് എടുത്തത്13.2 ശതമാനം മാത്രം. 18 നും 45 നും ഇടയിലുള്ളവരില് വാക്സിന് കിട്ടിയത്39.26 ലക്ഷം പേർക്ക് മാത്രം.
അമേരിക്കയില് 2020 ഡിസംബറിലും ഇന്ത്യയിൽ 2021 ജനുവരിയിലുമാണ് കുത്തിവയ്പ്പ് ആരംഭിച്ചത്. ജനുവരിയിലെ അധികാരമാറ്റവും വാക്സിന്യജ്ഞത്തെ ബാധിച്ചില്ല. എല്ലാവർക്കും സൗജന്യം. അധികാരമേറി ആദ്യ 100 ദിവസത്തിനകം 10 കോടി കുത്തിവയ്പാണ് ജോ ബൈഡൻ ലക്ഷ്യമിട്ടത്. ഇപ്പോൾ കുത്തിവയ്പ് 25 കോടി കടന്നു. 12–-16 വയസ്സുകാരിലും കുത്തിവയ്പ്പ് ആരംഭിച്ചു. യുഎസിൽ 12 കോടി പേർ രണ്ട് ഡോസുമെടുത്തു. ജനസംഖ്യയുടെ 37 ശതമാനം വരുമിത്.
ഏപ്രിൽ ആദ്യ വാരം ഇന്ത്യയില് പ്രതിദിന കുത്തിവയ്പ്പ് 35 ലക്ഷം വരെ ഉയർന്നു. എന്നാൽ ക്രമേണ ഗണ്യമായി കുറഞ്ഞു. മെയ് 8–-14 കാലയളവിലെ ശരാശരി പ്രതിദിന കുത്തിവയ്പ്പ് 16.71 ലക്ഷം മാത്രം. വന്തോതില് വാക്സിന് തുടക്കംമുതല് മോഡി സർക്കാർ കയറ്റുമതി ചെയ്തത് ക്ഷാമം രൂക്ഷമാക്കി. രാജ്യത്ത് 3.98 കോടി പേർ മാത്രമാണ് ഇതുവരെയായി രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചത്.