ഗാസ
ഭൂരിപക്ഷമില്ലെങ്കിലും ഭരണത്തിൽ കടിച്ചുതൂങ്ങാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ തന്ത്രമാണ് ഗാസയിൽ പലസ്തീൻകാർക്കുനേരെ തുടരുന്ന ആക്രമണമെന്ന് വിമർശം. 12 വർഷമായി അധികാരത്തിൽ തുടരുന്ന നെതന്യാഹുവിന് മാർച്ച് 23ന് നടന്ന തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. രണ്ട് വർഷത്തിനിടെ നാലാം തവണയാണ് ആർക്കും ഭൂരിപക്ഷമില്ലാത്ത ജനവിധി. കഴിഞ്ഞ മൂന്ന് തവണത്തെയും പോലെ ഉപജാപങ്ങളിലൂടെ അധികാരത്തിൽ തുടരാനുള്ള ശ്രമത്തിലാണ് നെതന്യാഹു.
ബദൽ സർക്കാർ രൂപീകരിക്കാൻ മറ്റ് പാർടികൾ ചർച്ച തുടങ്ങിയിരുന്നു. അധികാരം നഷ്ടപ്പെട്ടാൽ തനിക്കെതിരായ അഴിമതിക്കേസുകളിൽ അകത്താവുമെന്നത് നെതന്യാഹുവിന് തലവേദനയായി. ഈ സാഹചര്യത്തിലാണ് പലസ്തീൻകാർ ഭാവി രാഷ്ട്രത്തിന്റെ തലസ്ഥാനമാക്കാൻ ഉദ്ദേശിക്കുന്ന കിഴക്കൻ ജറുസലേമിൽ പ്രകോപനം ഉണ്ടാക്കിയത്.
വിശുദ്ധ മാസത്തിൽ ലോകത്തെ മുസ്ലിങ്ങളുടെ പ്രധാനപ്പെട്ട മൂന്നാമത്തെ ആരാധനാലയമായ മസ്ജിദുൽ അഖ്സയ്ക്ക് നേരെ നടത്തിയ ആക്രമണവും ഇതിന്റെ ഭാഗമാണ്. ഹമാസ് പ്രത്യാക്രമണം ആരംഭിച്ചതോടെ രാജ്യത്തെ രാഷ്ട്രീയാന്തരീക്ഷം തനിക്ക് അനുകൂലമാക്കാൻ നെതന്യാഹുവിന് സാധിച്ചു.
പ്രധാന പ്രതിപക്ഷം യാമിന പാർടി നേതാവ് നഫ്താലി ബെന്നറ്റ് ലാപിഡ് പാർടിയുമായുള്ള സഖ്യചർച്ചകൾ ഉപേക്ഷിച്ച് നെതന്യാഹുവിന്റെ ലികുഡ് പാർടിക്ക് പിന്തുണ പ്രഖ്യാപിച്ചു. ‘രാജ്യം പ്രതിസന്ധി നേരിടുമ്പോൾ വിശാല ദേശീയ ഐക്യ സർക്കാർ രൂപീകരിക്കേണ്ടത് ആവശ്യമാണെന്ന്’ നഫ്താലി പ്രതികരിച്ചു.
തിങ്ങിനിറഞ്ഞ് ഗാസ ആശുപത്രികൾ
ഏതാനും ആഴ്ചകൾ മുമ്പുവരെ കോവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞിരുന്ന ഗാസ ആശുപത്രികളെ വീണ്ടും സമ്മർദത്തിലാക്കി ഇസ്രയേൽ ആക്രമണം. ആശുപത്രികളെല്ലാം മുറിവേറ്റവരെക്കൊണ്ട് നിറഞ്ഞു.
തിങ്കളാഴ്ചമുതൽ ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണത്തിൽ പരിക്കേറ്റ നൂറുകണക്കിന് ആളുകളാണ് ദിവസവും ചികിത്സ തേടുന്നത്. ഇതിൽ ഇസ്രയേൽ മിസൈൽ പതിച്ച് നിലംപൊത്തിയ ഫ്ളാറ്റുകളിൽനിന്ന് രക്ഷപ്പെട്ടവരുമുണ്ട്. ആംബുലൻസിന് കാത്തുനിൽക്കാതെ, പരിക്കേറ്റ ബന്ധുക്കളെയും വാരിയെടുത്ത് കാറിലും നടന്നുമൊക്കെ ആളുകൾ ആശുപത്രിയിൽ എത്തുന്നു.
മരിച്ചവരുടെ ബന്ധുക്കൾ മോർച്ചറികൾക്ക് മുമ്പിൽ കാത്തുനിൽക്കുന്ന ദൃശ്യങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടു. പരിക്കേറ്റവരുടെ എണ്ണം കൂടുംതോറും കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ ആശുപത്രിയായി മാറ്റേണ്ടി വരുന്നു. കഴിഞ്ഞയാഴ്ച പ്രതിദിനം 3000 പരിശോധന നടന്നിടത്ത് ഇപ്പോൾ 300 മാത്രമാണ് നടക്കുന്നത്. ഇത് വീണ്ടും കോവിഡ് തരംഗത്തിന് വഴിവയ്ക്കുമെന്ന ആശങ്കയിലാണ് ആരോഗ്യ വിഭാഗം.