ന്യൂഡൽഹി
ജോലിയോ കൂലിയോ ഇല്ലാതെ അതിഥിത്തൊഴിലാളികൾ എങ്ങനെ ജീവിക്കുമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി. അവർ നേരിടുന്ന വലിയ വിഷമംകണക്കിലെടുത്ത് ഉചിത നടപടി ഉണ്ടാകണമെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
ദേശീയ തലസ്ഥാന മേഖലയിലെ (എൻസിആർ) തൊഴിലാളികൾക്ക് കേന്ദ്രസർക്കാരും ഡൽഹി, യുപി, ഹരിയാന സർക്കാരുകളും റേഷൻ വിതരണം ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. റേഷൻ വിതരണത്തിന് തിരിച്ചറിയൽകാർഡ് നിർബന്ധമാക്കരുത്. രേഖകൾ ഇല്ലാത്തവർക്ക് സ്വയം നൽകുന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ റേഷൻ അനുവദിക്കണം.
എൻസിആറിൽ തൊഴിലാളികൾക്കായി സാമൂഹ്യഅടുക്കളകൾ തുറക്കണം. സ്വന്തം നാട്ടിലേക്ക് പോകാൻ പറ്റാത്ത തൊഴിലാളികൾക്കും കുടുംബങ്ങൾക്കും രണ്ട് നേരമെങ്കിലും ഭക്ഷണം നൽകണം. വീട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഗതാഗത സൗകര്യം ഏർപ്പാടാക്കണം- തുടങ്ങിയ നിർദേശങ്ങളും കോടതി പുറപ്പെടുവിച്ചു.
സാമൂഹ്യപ്രവർത്തകരായ ഹർഷ്മന്ദർ, അഞ്ജലി ഭരദ്വാജ്, ജഗദീപ് ചോക്കർ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ഹർജിക്കാർക്ക് വേണ്ടി അഡ്വ. പ്രശാന്ത് ഭൂഷൺ ഹാജരായി.