മനാമ > റസ്റ്റോറന്റുകൾഉള്പ്പെടെ സൗദിയില് ചില വാണിജ്യ മേഖലകളില് തൊഴിലാളികള്ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നിര്ബന്ധിതമാക്കി. കുത്തിവെപ്പ് എടുക്കാത്തവര്ക്ക് തൊഴിലുടമയുടെ ചെലവില് പ്രതിവാര കോവിഡ് പരിശോധന നിര്ബന്ധമാണ്.
റസ്റ്റോറന്റുകൾ, കോഫി ഷോപ്പുകള്, ഭക്ഷണ സ്റ്റോറുകള്, ബാര്ബര് ഷോപ്പുകള്, സ്ത്രീകളുടെ സൗന്ദര്യ കേന്ദ്രങ്ങള് എന്നിവയിലെ തൊഴിലാളികള്ക്കാണ് കുത്തിവെപ്പ് നിര്ബന്ധമാക്കിയത്. വ്യാഴാഴ്ച പ്രാബല്യത്തില് വന്ന നിയമപ്രകാരം വാക്സിന് എടുത്തില്ലെങ്കില് എല്ലാ ആഴ്ചയും പിസിആര് പരിശോധന നടത്തണം. ഇതില് നെഗറ്റീവ് ആയവരെ മാത്രമേ സ്ഥാപനങ്ങളില് ജോലിക്ക്വെക്കാവൂ.
സൗദിയില് എല്ലാ പൊതു, സ്വകാര്യ മേഖലയിലെ തൊഴിലാളികള്ക്കും കോവിഡ് 19 വാക്സിന് നിര്ബന്ധിതമാക്കുമെന്ന് മാനവവിഭവശേഷി മന്ത്രാലയം കഴിഞ്ഞ വെള്ളിയാഴ്ച അറിയിച്ചിരുന്നു. ജോലി സ്ഥലങ്ങളില് വാക്സിന് എടുത്തവരെ മാത്രം പ്രവേശിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. എല്ലാ ജീവനക്കാര്ക്കും വാക്സിനേഷന് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള തയ്യാറെടുപ്പുകള് ആരംഭിക്കാന് മന്ത്രാലയം തൊഴിലുടമകളോട് അഭ്യര്ത്ഥിച്ചു. ഇത് എന്നുമുതല് നടപ്പാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. അതേസമയം, ആഭ്യന്തര വിമാനയാത്രക്ക് വാക്സിന് നിര്ബന്ധമല്ലെന്ന് സൗദിയ എയര്ലൈന്സ് അറിയിച്ചു. ഡിസംബര് 17 ന് സൗദി അറേബ്യ പ്രതിരോധ കുത്തിവയ്പ്പു തുടങ്ങിയത്. അതിനുശേഷം രാജ്യത്തൊട്ടാകെ 1.1 കോടി ഡോസ് വാക്സിന് നല്കി. പൗരന്മാര്ക്കും വിദേശികള്ക്കും വാക്സിന് സൗജന്യമാണ്.