ന്യൂഡൽഹി
സൗജന്യ–-സാർവത്രിക വാക്സിനേഷൻ ഉറപ്പുവരുത്തണമെന്നും ബജറ്റിൽ നീക്കിവച്ച 35000 കോടി പൂർണമായും വാക്സിൻ വാങ്ങാൻ വിനിയോഗിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാന പ്രതിപക്ഷ പാർടികൾ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. പണം ധൂർത്തടിച്ചുള്ള സെൻട്രൽ വിസ്ത നിർമാണം നിർത്തി പണം വാക്സിനും ഓക്സിജനും വേണ്ടി ഉപയോഗിക്കണം.
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ശരത് പവാർ (എൻസിപി), മമതാ ബാനർജി (തൃണമൂൽ), ഉദ്ധവ് താക്കറെ (ശിവസേന), എച്ച് ഡി ദേവഗൗഡ (ജെഡിഎസ്), എം കെ സ്റ്റാലിൻ (ഡിഎംകെ), ഹേമന്ത് സൊറൻ (ജെഎംഎം), ഫാറൂഖ് അബ്ദുള്ള (എൻസി), അഖിലേഷ് യാദവ് (എസ്പി), തേജസ്വി യാദവ് (ആർജെഡി), ഡി രാജ (സിപിഐ) എന്നിവര് കത്തിൽ ഒപ്പുവച്ചു. ഇതേയാവശ്യം ഉന്നയിച്ച് പ്രതിപക്ഷം ആദ്യമയച്ച കത്തിനും പ്രതികരണമുണ്ടായില്ല.
എല്ലാ സ്രോതസിൽനിന്നും വാക്സിൻ സംഭരിക്കുക. സൗജന്യ, സാർവത്രിക വാക്സിനേഷൻ നടത്തുക, ആഭ്യന്തര വാക്സിൻ ഉൽപ്പാദനം വിപുലപ്പെടുത്താൻ നിർബന്ധിത ലൈസൻസിങ് കൊണ്ടുവരിക. പിഎംകെയർ നിധി വാക്സിനും ഓക്സിജനും മറ്റും വിനിയോഗിക്കുക. തൊഴിലില്ലാത്തവർക്ക് ആറായിരം രൂപ വീതം നൽകുക. കാർഷിക നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയവയാണ് നിർദേശങ്ങൾ. ജനതാൽപ്പര്യം മുൻനിർത്തി കത്തിനോട് പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടു.