തിരുവനന്തപുരം
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകൾക്കുള്ള സംശയങ്ങൾ പരിഹരിക്കാൻ ജില്ലാതലത്തിൽ ക്രൈസിസ് മാനേജ്മെന്റ് ടീം. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർമാർ നേതൃത്വം നൽകും. പത്ത് ഗ്രാമപഞ്ചായത്തുകൾക്ക് ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ സീനിയർ ക്ലർക്ക് മുതലുള്ള ഉദ്യോഗസ്ഥർ സംഘത്തിലുണ്ടാവും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, സർക്കാർ മാർഗനിർദേശങ്ങൾ എന്നിവ സംബന്ധിച്ച് സംശയനിവാരണത്തിന് കഴിവാർജിച്ചവരെയാണ് നിയോഗിച്ചിട്ടുള്ളത്. ആവശ്യമുളളവർക്ക് കിലെ മുഖേന ഓൺലൈൻ പരിശീലനം ലഭ്യമാകും.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പഞ്ചായത്തുതലത്തിൽ ജീവനക്കാരുടെ കുറവുണ്ടെങ്കിൽ, അതാതു പഞ്ചായത്ത് പരിധിയിലെ മറ്റ് സർക്കാർ ജീവനക്കാരെയും നിയോഗിക്കാം. അവശ്യസർവീസ് ഒഴികെയുള്ള മേഖലയിലെ ജീവനക്കാരെ ഇത്തരത്തിൽ ഉപയോഗിക്കാമെന്നാണ് നിർദേശം. അംഗപരിമിതർ, രോഗബാധിതർ എന്നിവർക്ക് ഒഴിവുണ്ട്. കലക്ടർ കോവിഡ് ഡ്യൂട്ടി നൽകിയിട്ടുള്ള ഉദ്യോഗസ്ഥരെയും അധ്യാപകരെയും ഉൾപ്പെടുത്താനാകില്ല.
സർക്കാർ/ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക, അനധ്യാപക ജീവനക്കാരെ പഞ്ചായത്തുതലത്തിൽ ജോലിക്ക് നിയോഗിക്കാം. ഇതിനുള്ള ഉത്തരവിന് പഞ്ചായത്ത് പ്രസിഡന്റിന്റെ അംഗീകാരവും വേണം. ജീവനക്കാരെ ടേൺ അടിസ്ഥാനത്തിൽ വിനിയോഗിക്കാൻ നിർദേശം. ചുമതല നിശ്ചയിക്കുമ്പോൾ ജീവനക്കാരന്റെ ഔദ്യോഗിക പദവി കണക്കിലെടുക്കണം. നിയമന ഉത്തരവിന്റെ പകർപ്പ് ബന്ധപ്പെട്ട വകുപ്പ് മേധാവിക്ക് പഞ്ചായത്ത് സെക്രട്ടറി അയക്കണം.