ന്യൂഡൽഹി
ഉത്തർപ്രദേശിൽനിന്ന് ഒഴുക്കിവിടുന്ന മൃതദേഹങ്ങൾ തടയാൻ ഗംഗയിൽ വലിയ വലകെട്ടി ബിഹാർ. ബക്സർ ജില്ലയിലെ ചൗസായിൽ ഗംഗയിലൂടെ നൂറുകണക്കിന് മൃതദേഹങ്ങൾ കഴിഞ്ഞദിവസങ്ങളിൽ ഒഴുകിവന്നിരുന്നു. കൂടുതൽ മൃതദേഹങ്ങൾ വരാൻ സാധ്യതയുള്ളതിനാലാണ് നദിയിൽ വല കെട്ടിയതെന്ന് ബിഹാറിലെ മുതിർന്ന ഉദ്യോഗസ്ഥർ ദേശീയമാധ്യമങ്ങളോട് പറഞ്ഞു. ‘ബിഹാർ–-യുപി അതിർത്തിയിൽ റാണിഗഢ് ഭാഗത്ത് നദിയിൽ വലിയ വല കെട്ടിയിട്ടുണ്ട്.
ബുധനാഴ്ച രാവിലെയും ഒഴുകി വന്ന മൃതദേഹങ്ങൾ അതിൽ കുടുങ്ങി. ഇത് യുപിയിലെ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. തുടർനടപടികൾ സ്വീകരിക്കേണ്ടത് അവരാണ്’–- അദ്ദേഹം പറഞ്ഞു. എന്നാൽ, യുപിയിൽനിന്ന് മൃതദേഹങ്ങൾ ഒഴുക്കിവിടുന്നില്ലെന്ന നിലപാടിൽ അവിടത്തെ ഉദ്യോഗസ്ഥർ ഉറച്ചുനിൽക്കുകയാണ്. ഗംഗയിലൂടെ മൃതദേഹങ്ങൾ ഒഴുകുന്നത് വിശദീകരിക്കാൻ പട്നാഹൈക്കോടതി ബിഹാർ സർക്കാരിന് നിർദേശം നൽകി. ഇതുവരെ ഒഴുകി വന്ന 71 മൃതദേഹം കോവിഡ് പ്രോട്ടോകോൾ പാലിച്ച് സംസ്കരിച്ചതായി ബിഹാർ ജലവിഭവ മന്ത്രി സഞ്ജയ്ത്സാ ട്വീറ്റ്ചെയ്തു.
കോവിഡ് രണ്ടാംതരംഗം തീക്ഷ്ണവ്യാപനം തുടരുന്നതിനിടെ യുപിയിലും ബിഹാറിലും നിരവധി മൃതദേഹങ്ങൾ ഗംഗയിലൂടെ ഒഴുകിയത് അന്താരാഷ്ട്രമാധ്യമങ്ങളിലുൾപ്പെടെ വാർത്തയായിരുന്നു. യുപിയിലെ ബലിയ, ഗാസിപുർ എന്നിവിടങ്ങളിൽ നദിയിൽ 45 മൃതദേഹം കണ്ടെത്തി. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ ഇരുസംസ്ഥാനങ്ങളോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇരുസംസ്ഥാനങ്ങളും പരസ്പരം പഴിചാരുകയാണ്. ജീർണിച്ച മൃതദേഹങ്ങൾ ഒഴുകിയ നദീജലം ഉപയോഗിക്കരുതെന്ന് ഡോക്ടർമാർ ജനങ്ങളെ അറിയിച്ചു.
മധ്യപ്രദേശിലും നദിയിൽ മൃതദേഹങ്ങൾ
കോവിഡ് മരണങ്ങൾ തുടരുന്നതിനിടെ മധ്യപ്രദേശിലെ പന്ന ജില്ലയിലെ റഞ്ച് നദിയിൽ മൃതദേഹങ്ങൾ ഒഴുകിനടക്കുന്നു. ബിഹാറിലും ഉത്തർപ്രദേശിലും ഗംഗയിൽ മൃതദേഹങ്ങൾ തള്ളുന്നത് പുറത്തുവന്നതിനു പിന്നാലെയാണിത്. നന്ദപുര ഗ്രാമത്തിനു സമീപമാണ് കെൻ നദിയുടെ കൈവഴിയായ റഞ്ചിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.കുടിവെള്ളത്തിനും നദിയെ ആശ്രയിക്കുന്ന ഗ്രാമവാസികൾ പരിഭ്രാന്തിയിലായി. 95 വയസ്സുകാരന്റെയും ഒരു അർബുദ രോഗിയുടെയും മൃതദേഹം ആചാരത്തിന്റെ ഭാഗമായി നദിയിൽ തള്ളിയതായി കണ്ടെത്തിയെന്ന് ജില്ലാ കലക്ടർ സഞ്ജയ് മിശ്രപറഞ്ഞു.