മുംബൈ
കോവിഡ് വ്യാപനത്തിനിടെ ദുരിതം ഇരട്ടിയാക്കി ഇന്ധനവില വർധന. അഞ്ചാം ദിവസവും വില വർധിച്ചതോടെ മഹാരാഷ്ട്രയിൽ പെട്രോൾവില 100 കടന്നു. പർഭാനിയിൽ 100.20 രൂപയാണ് തിങ്കളാഴ്ചത്തെ വില. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വില വർധിപ്പിക്കുന്നത് നിർത്തിവച്ചിരിക്കുകയായിരുന്നു. എന്നാൽ, മെയ് നാലിനുശേഷം അഞ്ചുതവണയാണ് ഇന്ധനവില വർധിച്ചത്.
രാജ്യത്ത് ഇപ്പോൾ പെട്രോൾവില 100 കടക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്ര. നേരത്തേ രാജസ്ഥാനിലും മധ്യപ്രദേശിലും വില മൂന്നക്കം കടന്നിരുന്നു. ഇത് രണ്ടാംതവണയാണ് രാജ്യത്ത് പെട്രോൾവില 100 കടക്കുന്നത്. ഫെബ്രുവരി പകുതിയിലാണ് രാജ്യത്ത് ആദ്യമായി വില നൂറിലെത്തിയത്. മാർച്ചിൽ പെട്രോളിന് 21.58 രൂപയും ഡീസലിന് 19.18ഉം വർധിപ്പിച്ചിരുന്നു.