കാഠ്മണ്ഡു
ഇന്ത്യയെ കൂടാതെ നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ അയല് രാജ്യങ്ങളിലും കോവിഡ് വ്യാപനം അതീരൂക്ഷം. പ്രതിദിനം നാലുലക്ഷം രോഗികളുള്ള ഇന്ത്യയെ അപേക്ഷിച്ച് രോഗസംഖ്യ കുറവാണെങ്കിലും മുൻ മാസങ്ങളെ അപേക്ഷിച്ച് വലിയ വർധനയാണിവിടങ്ങളില്.
നേപ്പാളിൽ ഏപ്രിലിൽ കോവിഡ് ബാധിതരുടെ എണ്ണം വലിയ തോതിൽ വർധിച്ചു. പരിശോധിക്കുന്നതിൽ 40 ശതമാനം പേരും രോഗികള്.ഇന്ത്യയിൽ കുംഭമേളയിൽ പങ്കെടുത്ത് മടങ്ങിയ നേപ്പാൾ മുൻ രാജാവ് ഗ്യാനേന്ദ്ര ഷായ്ക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മെയ് ഒന്നുമുതൽ 20ലധികം ചെക്ക് പോയിന്റുകൾ അടച്ചു. മാർച്ച് ആദ്യം രോഗികളുടെ എണ്ണം കുതിച്ചുയർന്ന ബംഗ്ലാദേശ് ഏപ്രിൽ അഞ്ചുമുതൽ അടച്ചുപൂട്ടി. ഇത് മെയ് 16വരെ നീട്ടി. ഇന്ത്യയിൽനിന്നുള്ളവർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തി.
പാകിസ്ഥാനിൽ കോവിഡ് സ്ഥിരീകരണവും മരണവും ഉയർന്നത് ആരോഗ്യസംവിധാനങ്ങളെ സമ്മർദത്തിലാക്കി. ഈദുൽ ഫിത്തറിന് മുന്നോടിയായി രാജ്യത്ത് ഭാഗിക അടച്ചുപൂട്ടൽ ഏർപ്പെടുത്തി. ഇന്ത്യ, അഫ്ഗാൻ, ഇറാൻ യാത്ര നിരോധിച്ചു.
രോഗികളുടെ എണ്ണമേറിയതോടെ ശ്രീലങ്ക സ്കൂളുകൾ അടച്ചു. മതപരമായ ഒത്തുചേരലുകൾക്കും വിലക്ക്. ഇന്ത്യയിൽനിന്ന് യാത്ര വിലക്കി.
ഈ രാജ്യങ്ങളിലെല്ലാം ഇന്ത്യയിൽ കണ്ടെത്തിയ ജനിതക മാറ്റം വന്ന വൈറസ് പടരുന്നതായി കണ്ടെത്തി. നേപ്പാളിലും പാകിസ്ഥാനിലും നടത്തിയ പരിശോധനയിൽ ‘യുകെ വൈറസാ’ണ് കൂടുതല്. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന വൈറസിന്റെ സാന്നിധ്യം ബംഗ്ലാദേശില് സ്ഥിരീകരിച്ചു. ഇവിടങ്ങളിലെല്ലാം ജനുവരിയിൽ വാക്സിനേഷൻ ആരംഭിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.