മാഡ്രിഡ്
സ്പാനിഷ് ഫുട്ബോൾ ലീഗിലെ കിരീടപ്പോരാട്ടം മുറുകി. മൂന്നു കളി ബാക്കിനിൽക്കേ അത്ലറ്റികോ മാഡ്രിഡിനും (77), റയൽ മാഡ്രിഡിനും (75), ബാഴ്സലോണയ്ക്കും (75) കൃത്യമായ മുൻതൂക്കമില്ല. ആർക്കും നേടാം, കൈവിടാം. എല്ലാ കളിയും ജയിച്ചാൽ അത്ലറ്റികോ ചാമ്പ്യൻമാരാകും.
നാലാമതുള്ള സെവിയ്യയോട് സമനില വഴങ്ങിയതാണ് റയലിന് തിരിച്ചടിയായത് (2–-2). ജയിച്ചാൽ പട്ടികയിൽ അത്ലറ്റികോയ്ക്ക് ഒപ്പമെത്താമായിരുന്നു അവർക്ക്. തോൽവിയിൽനിന്ന് പരിക്കുസമയത്തെ ഗോളിലൂടെ ഏദെൻ ഹസാർഡാണ് റയലിനെ കാത്തത്. ഫെർണാർഡോയിലൂടെ സെവിയ്യയാണ് കളിയിൽ മുന്നിലെത്തിയത്. എന്നാൽ, ഇടവേള കഴിഞ്ഞ് പകരക്കാരൻ മാർകോ അസെൻസിയോ റയലിനെ ഒപ്പമെത്തിച്ചു. ഏറെ വൈകാതെ പെനൽറ്റിയിലൂടെ ഇവാൻ റാകിടിച്ച് സെവിയ്യക്ക് രണ്ടാമതും ലീഡ് നൽകി.
വിവാദമായ വാർ പരിശോധനയിലൂടെയാണ് പെനൽറ്റി നൽകിയത്. ആദ്യം കരീം ബെൻസെമയെ വീഴ്ത്തിയതിന് റയലിന് അനുകൂലമായാണ് പെനൽറ്റി നൽകിയത്. എന്നാൽ പിന്നാലെയുള്ള പരിശോധനയിൽ നേരത്തേ റയൽ പ്രതിരോധക്കാരൻ ഏദെർ മിലിറ്റാവോ ബോക്സിൽ പന്ത് കൈ കൊണ്ട് തൊട്ടതായി കണ്ടെത്തി.
റയൽ തളർന്നു. തോറ്റാൽ കിരീടപ്പോരിൽ പിന്നിലാകുമായിരുന്നു. കളിയവസാനം ടോണി ക്രൂസിന്റെ നീക്കത്തിലാണ് ഹസാർഡ് രക്ഷകനായി അവതരിച്ചത്. സെവ്വിയ്യ ഗോളിയുടെ പിഴവാണ് ഗോളിലേക്ക് വഴിവച്ചത്. കഴിഞ്ഞദിവസം അത്ലറ്റികോ–-ബാഴ്സ മത്സരം സമനിലയായതും നിർണായകമായിരുന്നു.
ശേഷിക്കുന്ന മൂന്നു കളികൾ റയലിന് കടുപ്പമാകും. പത്താമതുള്ള ഗ്രനഡ, ഒമ്പതാമതുള്ള അത്ലറ്റിക് ബിൽബാവോ, ആറാമതുള്ള വിയ്യാറായൽ എന്നിവരുമായാണ് ഏറ്റുമുട്ടേണ്ടത്. അത്ലറ്റികോയ്ക്ക് ഒരു കളി ശക്തരായ എതിരാളിയുമായാണ്. നാളത്തെ റയൽ സോസിഡാഡുമായുള്ള കളി അവരുടെ വിധി നിർണയിക്കും. ലീഗിൽ അഞ്ചാമതാണ് സോസിഡാഡ്. 12–-ാംസ്ഥാനത്തുള്ള ഒസാസുനയുമായും 17–-ാമതുള്ള റയൽ വല്ലഡോയിഡുമായാണ് മറ്റു കളികൾ. ബാഴ്സയ്ക്ക് കുറച്ചുകൂടി ആശ്വാസമാണ് കാര്യങ്ങൾ. ഇന്ന് പട്ടികയിൽ പതിനാലാമതുള്ള ലെവന്റെയുമായി കളിയുണ്ട്. അടുത്തത് എട്ടാമതുള്ള സെൽറ്റ വിഗോയുമായി. പിന്നീട് ഏറ്റവും അവസാനക്കാരായ ഐബറിനോടും.