മൂലമറ്റം > സഞ്ചാരികളുടെ ഇടുക്കിയെ കൂടുതൽ മിടുക്കിയാക്കാൻ മലങ്കര ടൂറിസം ഹബ്. തൊടുപുഴയ്ക്കടുത്ത് മുട്ടത്ത് മലങ്കര ഡാമിന്റെ കരയിലെ വിശാലമായ ഭൂപ്രദേശം പ്രകൃതിസൗന്ദര്യത്താൽ സമൃദ്ധമാണ്. സിനിമക്കാരുടെ ഇഷ്ട ലൊക്കേഷൻ കൂടിയായ മലങ്കര ഹബ് ഒരുവർഷം മുമ്പാണ് നാടിന് സമർപ്പിച്ചത്.
മലങ്കര അണക്കെട്ട്, കുട്ടികളുടെ പാർക്ക്, വിസ്തൃതമായ ജലാശയം എന്നിവയാണ് ഹബ്ബിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നത്. മലനിരകളുടെ പച്ചപ്പ് ആസ്വദിച്ച് നടക്കാനുള്ള മനോഹര നടപ്പാതയും കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ടൈൽവിരിച്ച നടപ്പാത, അപ്പുറവും ഇപ്പുറവുമായി ജലാശയ നീലിമ കണ്ട് സംസാരിച്ചിരിക്കാൻ ഇരിപ്പിടങ്ങൾ, ശാന്തമായ ജലാശയത്തിനപ്പുറം ചെറു കാട്, സായാഹ്നത്തിൽ ഇതിലും നല്ലൊരു വിശ്രമസ്ഥലം അടുത്ത പ്രദേശത്തെങ്ങുമില്ല.
മലങ്കര അണക്കെട്ട്
പെരിയാർ നദിയിൽ സ്ഥാപിച്ചിരിക്കുന്ന ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ മൂലമറ്റം പവർ ഹൗസിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിച്ച് പുറന്തള്ളുന്ന ജലം മലങ്കര അണക്കെട്ടിൽ തടഞ്ഞുനിർത്തി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നുണ്ട്. 153 ചതുരശ്ര കിലോമീറ്ററിലാണ് ജലാശയം പരന്നുകിടക്കുന്നത്. മൂവാറ്റുപുഴ വാലി ജലസേചന പദ്ധതിയുടെ ഭാഗമാണ് മലങ്കര ഡാം. 1994 ൽ പണി പൂർത്തീകരിച്ചു. 2005 ഒക്ടോബറിൽ വൈദ്യുതി ഉൽപാദനം ആരംഭിച്ചു. വാഗമൺ യാത്രയിലെ ഇടത്താവളമാണിത്. അതിസുന്ദരമായ ജലാശയത്തിൽ കുളിക്കാം. നീന്തലറിയുന്നവർ ഇറങ്ങുക എന്നൊരു മുന്നറിയിപ്പ് ഉണ്ടവിടെ. ശാന്തമായ ജലാശയം കണ്ട് ഡാമിലേക്ക് നടക്കാം.
സ്വപ്നപദ്ധതി
മലമ്പുഴ ടൂറിസം പദ്ധതിയേക്കാൾ വലുത് എന്നുപറഞ്ഞ് തുടങ്ങിയതായിരുന്നു മലങ്കര ടൂറിസം പദ്ധതി. ദുബൈ മോഡൽ എൻട്രൻസ് പ്ലാസ, പക്ഷി സങ്കേതം, വെള്ളം ചുറ്റിക്കിടക്കുന്ന തുരുത്തിൽ കൃത്രിമമായി സജ്ജമാക്കുന്ന വനം, വിസ്തൃതമായ പാർക്ക്, ആന–– കുതിര–– സൈക്കിൾ സവാരി, പൂന്തോട്ടം, വർണങ്ങളോടെയുള്ള ലൈറ്റ്നിങ്, അണക്കെട്ടിന്റെ ഇരുവശവുംബന്ധിപ്പിച്ച് റോപ് വേ, തീരങ്ങളിലൂടെ സൈക്കിൾ സവാരി, ഫുഡ്പാർക്ക്, ടൂറിസ്റ്റ് ഇൻഫർമേഷൻ കേന്ദ്രം, ബോട്ടിങ് എന്നിവയോടെയാണ് മലങ്കര ടൂറിസം പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ മൂന്നു കോടി രൂപ മുടക്കി നിർമിച്ച എൻട്രൻസ് പ്ലാസ മാത്രമാണ് യാഥാർഥ്യമായത്. റസ്റ്റോറന്റ്, ടൂറിസം ഇൻഫർമേഷൻ സെന്റർ, അക്വേറിയം, 200 ആളുകൾക്ക് ഇരിക്കാനുള്ള ഓപ്പൺ തിയറ്റർ എന്നിവ എൻട്രൻസ് പ്ലാസയിൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിൽ 200 ആളുകൾക്ക് ഇരിക്കാനുള്ള സജ്ജീകരണം മാത്രമാണ് ഒരുക്കാനായത്.
വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ കാലത്താണ് ഈ സ്വപ്നപദ്ധതി ആരംഭിച്ചത്. മന്ത്രി കോടിയേരി ബാലകൃഷ്ണനാണ് മലങ്കര ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തത്. ടൂറിസം, ഇറിഗേഷൻ വകുപ്പുകൾ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പിന്നിട് ഭരണത്തിൽവന്ന യുഡിഫ് പദ്ധതിക്ക് വേണ്ടത്ര പരിഗണന നൽകിയില്ല. പി ജെ ജോസഫ് എംഎൽഎ കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ 170 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതെല്ലാം പാഴ്വാക്കു മാത്രമായി.