തിരുവനന്തപുരം
സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ കുറച്ചുകാണിക്കുന്നുവെന്ന ആരോപണങ്ങൾ ശരിയല്ലെന്ന് അധികൃതർ. കേന്ദ്ര സർക്കാരിനു കീഴിലുള്ള ഐസിഎംആർ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ അനുസരിച്ചാണ് രാജ്യത്ത് കോവിഡ് മരണങ്ങൾ കണക്കാക്കുന്നത്.
കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് ഈ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമെ കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കാൻകഴിയു. ഇത് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.ലോകാരോഗ്യസംഘടനയുടെ അംഗീകാരമുള്ള ‘ഇന്റർനാഷണൽ ഗൈഡ്ലൈൻസ് ഫോർ സർട്ടിഫിക്കേഷൻ ആൻഡ് ക്ലാസിഫിക്കേഷൻ ഓഫ് കോവിഡ് 19 ആസ് കോവിഡ് ഡെത്ത്’ എന്ന അന്താരാഷ്ട്ര മാർഗനിർദേശമാണ് ഇതിന്റെ അടിസ്ഥാനം. ഇതുപ്രകാരം കോവിഡ് രോഗം ഗുരുതരമായി അവയവങ്ങളെ ബാധിച്ച് മരണമടയുന്നതിനെ മാത്രമേ കോവിഡ് മരണമായി കണക്കാക്കു.
ഗുരുതരമായ അസുഖങ്ങളുള്ള ഒരാൾ ആ അസുഖം മൂർച്ഛിച്ച് മരണമടഞ്ഞശേഷം കോവിഡ് പോസിറ്റീവാണെങ്കിൽ പോലും കോവിഡ് മരണത്തിൽ ഉൾപ്പെടുത്താൻ പാടില്ലെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് ബാധിച്ച ഒരാൾ മുങ്ങിമരിക്കുന്നതോ ആത്മഹത്യ ചെയ്യുന്നതോ അപകടത്തിൽ മരിക്കുന്നതോ കോവിഡ് മരണമെന്ന വിഭാഗത്തിൽ പെടില്ല.
ഐസിഎംആർ
മാർഗനിർദേശം
ഗുരുതരമായ ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി) അല്ലെങ്കിൽ ആസ്തമ, ക്രോണിക് ബ്രോങ്കൈറ്റിസ്, ഹൃദ്രോഗം, അർബുദം, ഗുരുതര പ്രമേഹരോഗം തുടങ്ങിയ രോഗങ്ങൾ ഉള്ളവരിൽ ശ്വാസകോശ സംബന്ധമായ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇവർ കോവിഡ് പോസിറ്റീവായാൽ മരണസാധ്യതയുണ്ട്. എന്നാൽ മരണത്തിന് കോവിഡ് നേരിട്ട് കാരണമാകുന്നില്ല. അതിനാൽ ഇത്തരം മരണങ്ങളെ കോവിഡ് മരണമായി കണക്കാക്കാൻ കഴിയില്ല.
മരണം മറച്ചുവയ്ക്കുന്നില്ല
സംസ്ഥാനം കോവിഡ് മരണങ്ങൾ മറച്ചുവയ്ക്കുന്നുവെന്ന വാദം കഴമ്പില്ലാത്തതാണെന്ന് കോവിഡ് വിദഗ്ധ സമിതി അധ്യക്ഷൻ ഡോ. ബി ഇക്ബാൽ. ശരാശരി പ്രതിദിനം 20 മരണംവരെ ഉണ്ടായിരുന്നിടത്ത് ഇപ്പോളത് 5-0ന് മുകളിലാണ്.
കണക്കുകൾ മനഃപൂർവം കുറച്ചുകാണിക്കുകയാണെങ്കിൽ ഈ നിരക്കും മറച്ചുവയ്ക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. കോവിഡ് മരണങ്ങൾ കൃത്യമായി സമിതി അവലോകനം ചെയ്യുകയും അത് കൃത്യമായി പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. ശ്മശാനങ്ങളിൽ ഒരു ദിവസം കോവിഡ് ബാധിച്ച പത്ത് പേരെ സംസ്കരിച്ചെങ്കിൽ അത് വിശകലനം ചെയ്ത് കണക്കിൽ ഉൾപ്പെടുത്തുക അടുത്ത ദിവസങ്ങളിലാകും. അത് അന്നുതന്നെ കണക്കിൽ വരില്ലായെന്നത് സ്വാഭാവികമാണ്.