മൂലമറ്റം > കുന്നിൻമുകളിലായി പരന്നുകിടക്കുന്ന പുൽമേട്… പച്ചപ്പ് നിറഞ്ഞ മലനിരകൾ… കോടമഞ്ഞ് പുതച്ച അന്തരീക്ഷവും ഓഫ് റോഡിനായുള്ള പാതകളും… സംസ്ഥാനത്തെതന്നെ ഏറ്റവും പ്രശസ്തമായ ഹിൽസ്റ്റേഷനുകളിൽ ഒന്നായി മാറുകയാണ് വാഗമൺ– പുള്ളിക്കാനം റോഡിൽനിന്ന് അൽപ്പം മാറി സ്ഥിതിചെയ്യുന്ന ഉളുപ്പൂണി.
കുന്നുകളിൽ എങ്ങും ഒരാൾ പൊക്കത്തിൽ വളർന്നുനിൽക്കുന്ന പുല്ലുകളാണ്. ഇങ്ങനെ തിങ്ങിനിറഞ്ഞു നിൽക്കുന്ന പുൽമേട് കാണാൻ ഒരു പ്രത്യേക വന്യഭംഗിയുണ്ട്. ആനകൾ മേയാൻ എത്താറുള്ള സ്ഥലമാണെന്നും സൂക്ഷിച്ചുപോകണമെന്നും നാട്ടുകാർ മുന്നറിയിപ്പ് തരും. അരയാൾപ്പൊക്കത്തിൽ ഉയർന്നുനിൽക്കുന്ന പുല്ല് വകഞ്ഞുമാറ്റി മുകളിൽ കയറിയാൽ, മൂടൽമഞ്ഞിന്റെ പശ്ചാത്തലത്തിൽ ഇലപൊഴിച്ച മരങ്ങളും തണുത്ത കാറ്റിൽ അലയൊലി തീർക്കുന്ന പുൽമേടും കൺമുന്നിൽ തെളിയും. പുൽത്തൈലത്തിന്റെ മണമാണ് വായുവിലെങ്ങും.
അലോഷി സഞ്ചരിച്ച
വഴികൾ
ഫഹദ് ഫാസിൽ തകർത്തഭിനയിച്ച ‘ഇയ്യോബിന്റെ പുസ്തകം’ എന്ന സിനിമ കണ്ടിട്ടുള്ളവർക്ക് ഉളുപ്പൂണി കാണുമ്പോൾ നല്ല പരിചയം തോന്നും. ഇയ്യോബിന്റെ പുസ്തകത്തിലെ പതിറ്റാണ്ടുകൾക്കു മുമ്പുള്ള മൂന്നാർ തേടി സംവിധായകൻ അമൽ നീരദിന്റെ ക്യാമറ ഒടുവിൽ എത്തിച്ചേർന്നത് ഈ പുൽമേട്ടിലാണ്. അധികമാരും എത്തിച്ചേരാത്ത ഉളുപ്പൂണി ചിത്രത്തിൽ താരമായി. വർഷങ്ങൾക്കു മുമ്പുള്ള കഥയാണ് ഇയ്യോബിന്റെ പുസ്തകം പറയുന്നത്. ഇതിനുതകുന്ന ഒരു ലൊക്കേഷൻ തന്നെയായിരുന്നു ഉളുപ്പൂണി. ഫഹദ് ഫാസിൽ അവതരിപ്പിച്ച അലോഷി സഞ്ചരിച്ച വഴികളിലൂടെ ഉളുപ്പൂണിയിലെത്തുമ്പോൾ മനസ്സ് നിറയും.
സാഹസികരേ സ്വാഗതം
ഓഫ് റോഡ് ഡ്രൈവിന് എന്തുകൊണ്ടും അനുയോജ്യമായ സ്ഥലമാണിത്. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരിളെ ഉളുപ്പൂണി തൃപ്തിപ്പെടുത്തും. വാഗമണിൽനിന്ന് ഉളുപ്പൂണി വരെയുള്ള റൂട്ടിലാണ് ജീപ്പുകളുടെ ഓഫ് റോഡ് ഡ്രൈവിന് സൗകര്യമുള്ളത്. ട്രെക്കിങ് ഇഷ്ടമുള്ളവർക്ക് ഒരു കിടിലം അനുഭവവും ഈ സ്ഥലം സമ്മാനിക്കും. ഒരു ദിവസം മുഴുവനായി അടിച്ചുപൊളിക്കാൻ പറ്റിയ സ്ഥലം കൂടിയാണ് ഇവിടം. ഉളുപ്പൂണിയിൽനിന്ന് നോക്കിയാൽ അങ്ങു ദൂരെ കുളമാവ് അണക്കെട്ടിന്റെ മനോഹരദൃശ്യങ്ങളും കാണാം.
എങ്ങനെയെത്താം
വാഗമൺ– പുള്ളിക്കാനം റൂട്ടിലൂടെയാണ് ഉളുപ്പൂണിയിലേക്ക് പോകേണ്ടത്. ചോറ്റുപാറ ജങ്ഷനിൽ എത്തുമ്പോൾ വലത്തേക്ക് തിരിയുക. ഈ വഴി അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ ഉളുപ്പൂണിയിൽ എത്താം. ഇവിടെനിന്നാണ് മലമുകളിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ സൗജന്യ പ്രവേശനമായിരുന്നു. ഇപ്പോൾ വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം. കൽനടയായി പോകുന്നവർക്ക് 10 രൂപയും വാഹനത്തിന് 200 രൂപയുമാണ് പ്രവേശന നിരക്ക്. രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെ പ്രവേശനമുണ്ട്.