ന്യൂഡൽഹി
രാജ്യത്ത് വാക്സിൻ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ തദ്ദേശീയമായി വികസിപ്പിച്ച മറ്റൊരു വാക്സിൻ കൂടി പരീക്ഷണഘട്ടം പൂർത്തീകരിച്ച് അടിയന്തര ഉപയോഗാനുമതി തേടാനൊരുങ്ങുന്നു. അഹമദാബാദ് ആസ്ഥാനമായുള്ള സൈഡസ് കാഡില വികസിപ്പിച്ച സൈക്കോവ് ഡി വാക്സിനാണ് അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നത്.
മൂന്നാംഘട്ട പരീക്ഷണത്തിന്റെ വിവരങ്ങൾ മെയ് പകുതിയോടെ ലഭ്യമാകുമെന്നും ഈ മാസം തന്നെ അടിയന്തര ഉപയോഗ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി അറിയിച്ചു. തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യ ഡിഎൻഎ വാക്സിനാണ് സൈക്കോവ് ഡി. 25 ഡിഗ്രി താപനിലയിൽ വരെ സൂക്ഷിക്കാം. രണ്ട് മുതൽ എട്ട് ഡിഗ്രിയാണ് അഭികാമ്യം. 12–-17 വയസ്സുള്ളവരിലും വാക്സിൻ പരീക്ഷിക്കുന്നുണ്ട്.
കോവിഷീൽഡും കോവാക്സിനുമാണ് നിലവിൽ ഉപയോഗിക്കുന്നത്. റഷ്യയുടെ സ്പുട്നിക്ക് വി വാക്സിന്റെ ഇറക്കുമതി ആരംഭിച്ചിട്ടുണ്ട്. ഫൈസർ, ജോൺസൺ ആൻഡ് ജോൺസൺ, മൊഡേണ എന്നീ വിദേശ വാക്സിനുകളും അടിയന്തര ഉപയോഗാനുമതിക്ക് ശ്രമമാരംഭിച്ചിട്ടുണ്ട്.