ന്യൂഡൽഹി
കോവിഡിന്റെ അതിതീവ്ര രണ്ടാം വ്യാപനത്തിന് വഴിവച്ചത് മോഡി സർക്കാരിന്റെ അലംഭാവവും പിടിപ്പുകേടും. ഗുരുതരഭവിഷ്യത്തുണ്ടാക്കുമെന്ന സര്ക്കാര്തലത്തിലെ മുന്നറിയിപ്പുകള് പോലും മോഡി അവഗണിച്ചു. അതിമാരക രണ്ടാം വ്യാപനമുണ്ടാകുമെന്ന് മാർച്ച് ആദ്യം സർക്കാർ സമിതിയായ ഇന്ത്യാസ് സാർസ് കോവ്–- 2 ജീനോം സീക്വൻസിങ് കൺസോർഷ്യം (ഇൻസകോഗ്) മുന്നറിയിപ്പ് നൽകി. എന്നാൽ, അതുമാനിക്കാതെ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും കുംഭമേളയ്ക്കും കേന്ദ്രം പ്രാധാന്യം നൽകി. സ്ഥിതി വഷളാക്കിയ മോഡിസര്ക്കാരിന്റെ പിടിപ്പുകേട് അക്കമിട്ട് നിരത്തി അന്താരാഷ്ട്ര മെഡിക്കല് ജേർണലായ ‘ലാൻസെറ്റ്’ അടക്കം രംഗത്തെത്തി.
ഇൻസകോഗ് മാർച്ച് ആദ്യം നൽകിയ മുന്നറിയിപ്പ് കേന്ദ്രം അവഗണിച്ചെന്ന് ആദ്യം വെളിപ്പെടുത്തിയത് രാജ്യാന്തരവാര്ത്താ ഏജന്സിയായ റോയിട്ടേഴ്സ് ആണ്. ഇൻസകോഗിന്റെ ഭാഗമായ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) ഡയറക്ടർ ഡോ. സുജിത്ത് കുമാർ സിങ്, ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യൂളാർ ബയോളജി ഡയറക്ടർ ഡോ. രാകേഷ് മിശ്ര എന്നിവർ ഇത് ശരിവച്ചു. 10 സർക്കാർ ലാബുകളുടെ കൂട്ടായ്മയാണ് ഇൻസകോഗ്. കോവിഡിന്റെ ജനിതകമാറ്റങ്ങളും മറ്റും സൂക്ഷ്മമായി വിലയിരുത്തുന്ന ഈ കൂട്ടായ്മ ഓരോ രണ്ട് ദിവസവും യോഗം ചേർന്ന് സർക്കാരിന് റിപ്പോർട്ട് കൈമാറും. മാർച്ച് ആദ്യം കൈമാറിയ റിപ്പോർട്ടിലാണ് അടിയന്തര നടപടികളിലേക്ക് കടക്കണമെന്ന് അഭ്യര്ഥിച്ചത്. ആദ്യ സൂചനകൾ കേന്ദ്രം അവഗണിച്ചെന്ന് ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് സൗമ്യ സാമിനാഥനും ചൂണ്ടിക്കാട്ടി.
വിദഗ്ധരുടെ വിലയിരുത്തലുകൾക്കൊപ്പം ദേശീയ–- അന്തർദേശീയ മാധ്യമങ്ങൾ ഉയർത്തുന്ന വിമർശങ്ങളും മോഡി സർക്കാരിനെ പ്രതിരോധത്തിലാക്കി. കോവിഡ് വ്യാപനം തുടങ്ങി 15 മാസം സമയം ലഭിച്ചിട്ടും അടിസ്ഥാന ആരോഗ്യസംവിധാനങ്ങൾ ഒരുക്കുന്നതിൽ പാളിച്ചയുണ്ടായെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി.
സർക്കാർ അനാസ്ഥ തുറന്നുകാട്ടപ്പെട്ടതോടെ സുപ്രീംകോടതിയും വിവിധ ഹൈക്കോടതികളും നടത്തിയ ഇടപെടലുകളും കേന്ദ്രത്തിന് ക്ഷീണമായി. ഓക്സിജൻ വിതരണത്തിന് പ്രത്യേക സമിതിക്കുപോലും സുപ്രീംകോടതി രൂപം നൽകിയത് കേന്ദ്രത്തിന് മുഖത്തേറ്റ അടിയായി. സാർവത്രിക വാക്സിനെന്ന വിഷയത്തിലും കോടതി ഇടപെടലിന് സാധ്യത നിലനിൽക്കുന്നു. കേന്ദ്രത്തിന് 150 രൂപയ്ക്ക് നൽകുന്ന വാക്സിൻ അതിന്റെ പതിന്മടങ്ങ് വിലയ്ക്ക് സംസ്ഥാനങ്ങൾക്ക് കൈമാറുന്ന പുതിയ വാക്സിന് നയവും ചോദ്യംചെയ്യപ്പെടുന്നു.
വെള്ളപൂശാന് ആർഎസ്എസ് പ്രഭാഷണപരമ്പര
മോഡി സർക്കാരിനെതിരായി ഉയരുന്ന വിമർശം സംഘപരിവാറിനെയും പൊള്ളിച്ചു. സർക്കാരിൽ അഴിച്ചുപണി ആവശ്യമാണെന്ന അഭിപ്രായം ആർഎസ്എസിലും ബിജെപിയിലും ശക്തമാണെന്ന് ദേശീയ മാധ്യമം റിപ്പോർട്ടുചെയ്തു. സർക്കാരിനെതിരായി വികാരം ആളിക്കത്തിക്കാൻ ‘ഇന്ത്യാവിരുദ്ധ’ ശക്തികൾ കോവിഡ് സാഹചര്യത്തെ ഉപയോഗിക്കുമെന്ന് നിലപാടെടുത്ത ആർഎസ്എസ് പ്രതിരോധതന്ത്രങ്ങളുമായി രംഗത്തെത്തി. ‘പോസിറ്റിവിറ്റി അൺലിമിറ്റഡ്’ എന്ന പേരിൽ നാലു ദിവസത്തെ ടെലിവിഷൻ ചർച്ചാപരിപാടിക്കാണ് പദ്ധതിയി. 14ന് ആർഎസ്എസ് തലവൻ മോഹൻഭാഗവത് ആദ്യപ്രഭാഷണം നടത്തും. അസിം പ്രേംജി, സുധാ മൂർത്തി, ശ്രീ ശ്രീ രവിശങ്കർ, ജഗ്ഗി വാസുദേവ് തുടങ്ങിയവർ പ്രഭാഷകരായി എത്തും. സർക്കാരിനെ വെള്ളപൂശുകയാണ് ലക്ഷ്യം.