ചെന്നെെ
രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിനായ കോവാക്സിൻ എന്തുകൊണ്ട് സ്വകാര്യമേഖലയില് മാത്രം നിര്മിക്കുന്നുവെന്ന് കേന്ദ്രത്തോട് ആരാഞ്ഞ് മദ്രാസ് ഹൈക്കോടതി. ഇന്ത്യന് കൗണ്സില് ഓഫ് മെഡിക്കല് റിസേര്ച്ചിന്റെയും (ഐസിഎംആര്) ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി(എന്ഐവി)യുടേയും സഹായത്താലാണ് വാക്സിന് വികസിപ്പിച്ചത്.
വാക്സിൻ സംഭരിക്കാന് കേന്ദ്രം ചെലവഴിച്ച തുകയെക്കുറിച്ചും വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ടുകളെ പുനരുജ്ജീവിപ്പിക്കാൻ എന്ത് നടപടിയെടുത്തു എന്നും വിശദീകരിക്കണമെന്നും കോടതി നിര്ദേശിച്ചു. ചെങ്കല്പേട്ട് എച്ച്എൽഎൽ യൂണിറ്റ് കോവാക്സിൻ നിർമിക്കാൻ അനുമതിതേടി സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ പരിഗണിക്കുകയായിരുന്നു കോടതി.
ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ആണ് കോവാക്സിൻ വികസിപ്പിക്കുന്നത്. കോവിഷീൽഡ് നിർമിക്കുന്നതും സ്വകാര്യ സ്ഥാപനമായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ആണ്. റഷ്യയുടെ സ്പുട്നിക് വി വാക്സിന് ഇന്ത്യയില് ഉത്പാദിപ്പിക്കാനും സ്വകാര്യകമ്പനിക്കാണ് അംഗീകാരം നല്കിയിരിക്കുന്നത്.