ജനീവ
കോവിഡ് വാക്സിന് ലോകത്തെല്ലായിടത്തും സുഗമമായി ലഭ്യമാകാന് ബൗദ്ധികസ്വത്തവകാശ സംരക്ഷണ നിയമങ്ങളില് താല്ക്കാലിക ഇളവനുവദിക്കാന് ലോകവ്യാപാരസംഘടനയ്ക്കുമേല് സമ്മര്ദം ശക്തമായി. സമ്പന്ന രാഷ്ട്രങ്ങള്ക്ക് ഔഷധ നിര്മാണമേഖലയിലുള്ള ബൗദ്ധികാവകാശത്തില് ഇളവ് വരുത്തിയാല് വികസ്വരരാഷ്ട്രങ്ങളില് സ്വതന്ത്രമായ വാക്സിന് ഉൽപാദനം സാധ്യമാകും. ലോകാരോഗ്യസംഘടന ഈ നിര്ദേശത്തെ പിന്തുണയ്ക്കുന്നു. ബുധന്, വ്യാഴം ദിവസങ്ങളില് ചേരുന്ന ലോകവ്യാപാര സംഘടനയുടെ ജനറല് കൗണ്സില് ഇക്കാര്യം പരിഗണിക്കും. ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒക്ടോബറില്തന്നെ ഈ ആവശ്യം മുന്നോട്ടുവച്ചിരുന്നു.
പാശ്ചാത്യസമ്പന്ന രാഷ്ട്രങ്ങളിലെ വിവിധ ജീവകാരുണ്യ സംഘടനകളും പൊതുമേഖലാ മരുന്നുനിര്മാണ കമ്പനികളും ഈ ആവശ്യം ഉയര്ത്തിയിട്ടുണ്ട്. സംഘടനയിലെ അംഗരാഷ്ട്രങ്ങള്ക്കിടയില് ഇക്കാര്യത്തില് അഭിപ്രായ സമന്വയമുണ്ടാക്കാന് ശ്രമം നടക്കുന്നു. അമേരിക്ക അനുകൂല സമീപനം എടുക്കുമെന്ന പ്രതീക്ഷ ഈ നിര്ദേശം മുന്നോട്ടുവച്ച സംഘടനകള്ക്കുണ്ട്.
ഔഷധമേഖലയിലെ വിവിധ പേറ്റന്റുകള്, പകര്പ്പവകാശം, വ്യാവസായിക ഉൽപാദന രൂപകല്പനകള് തുടങ്ങിയവ കുറച്ചുവര്ഷത്തേക്ക് റദ്ദാക്കണമെന്നാണ് ആവശ്യം. വികസ്വരരാജ്യങ്ങളിലെ കമ്പനികള്ക്ക് കോവിഡ് വാക്സിനുകള് ഉൽപാദിപ്പിച്ച് വിതരണംചെയ്യാന് അവസരമൊരുക്കാന് വേണ്ടിയാണിത്. ജീവിതകാലത്ത് ഒരിക്കല്മാത്രമെത്തുന്ന ഇത്തരം പകര്ച്ചവ്യാധികളെ നേരിടാന് വ്യാവസായിക നിയമങ്ങളില് ഇളവ് കൊണ്ടുവരാനുള്ള അധികാരവും ലോക വ്യാപാര സംഘടനയ്ക്കണ്ടെന്നും ഈ അധികാരം വിനിയോഗിക്കാനുള്ള അടിയന്തരഘട്ടമാണിതെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി.
എന്നാല്, വാക്സിൻ ഉൽപാദനം സങ്കീർണ പ്രക്രിയയാണെന്നും നിയമത്തില് ഇളവ് നല്കിയാല്മാത്രം എല്ലാവര്ക്കും വാക്സിന് ഉൽപാദിപ്പിക്കാനാകില്ലെന്നും പകര്പ്പവകാശത്തിനായി വാദിക്കുന്ന കമ്പനികള് അവകാശപ്പെടുന്നു.