ന്യൂഡൽഹി
ജയിലുകളിലെ തിരക്ക് കുറയ്ക്കാൻ കർശനനിർദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രീംകോടതി. കോവിഡ് ഒന്നാംവ്യാപനമുണ്ടായപ്പോൾ പരോൾ അനുവദിച്ച എല്ലാവർക്കും ഇക്കുറിയും അനുവദിക്കാൻ ചീഫ്ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉന്നതതസമിതി രൂപീകരിച്ച് ഉടൻ തീരുമാനമെടുക്കണം. 2020 മാർച്ചിൽ സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് വിട്ടയച്ചവരെ മുഴുവൻ ഉപാധികളോടെ വിട്ടയക്കണം. അന്ന് വിട്ടയച്ച 90 ശതമാനം പേരും ജയിലുകളിൽ തിരിച്ചെത്തിയ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഇക്കുറിയും 90 ദിവസം പരോൾ അനുവദിക്കണം. അനാവശ്യമായ അറസ്റ്റുകൾ പരമാവധി കുറയ്ക്കാനും ജസ്റ്റിസുമാരായ എൽ നാഗേശ്വരറാവു, സൂര്യകാന്ത് എന്നിവർ അംഗങ്ങളായ ബെഞ്ച് നിർദേശിച്ചു.മിക്ക ജയിലുകളും തിങ്ങിനിറഞ്ഞിരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.