ന്യൂഡൽഹി
ബിജെപി നേതാക്കൾ തമ്മിലടിക്കുന്ന അസമിൽ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ സസ്പെൻസ് തുടരുന്നു. മുഖ്യമന്ത്രി പദത്തിനായി മത്സരിക്കുന്ന നിലവിലെ മുഖ്യമന്ത്രി സർബാനന്ദ സൊനൊവാൾ, ആരോഗ്യ മന്ത്രി ഹിമന്ത ബിസ്വ സർമ്മ എന്നിവരുമായി കേന്ദ്ര നേതൃത്വം ശനിയാഴ്ച ഡൽഹിയിൽ ചർച്ച നടത്തി. ഞായറാഴ്ച ഗുവാഹത്തിയിൽ ബിജെപിയുടെ നിയമസഭാകക്ഷി യോഗം ചേരും.
അമിത് ഷായുടെ വസതിയിൽ ഇരുവരെയും ഒന്നിച്ചുകണ്ട കേന്ദ്ര നേതാക്കൾ പിന്നീട് ഒറ്റയ്ക്കൊറ്റയ്ക്കും ചർച്ച നടത്തി. ഞായറാഴ്ചത്തെ യോഗത്തിൽ എല്ലാ കാര്യങ്ങളിലും തീരുമാനമാകുമെന്ന് ഹിമന്ത ബിസ്വ സർമ്മ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിപദം ഇക്കുറി വിട്ടുകിട്ടണമെന്ന വാശിയിലാണ് ഹിമന്ത ബിസ്വ സർമ്മ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ സർമ്മ പാർടിയെ അധികാരത്തിൽ എത്തിക്കുന്നതിൽ നിർണായക ഘടകമായിരുന്നു. എൻഡിഎയുടെ വടക്കുകിഴക്കൻ മേഖലാ കൺവീനറായ സർമ്മയ്ക്കൊപ്പമാണ് പുതിയ എംഎൽഎമാരിൽ ഭൂരിഭാഗവും. ആർഎസ്എസിലെയും ബിജെപിയിലെയും ഒരു വിഭാഗവും സൊനൊവാൾ തുടരണമെന്ന അഭിപ്രായക്കാരാണ്.ഇവരിൽ ആരെ തെരഞ്ഞെടുത്താലും സംസ്ഥാന ബിജെപിയിൽ ചേരിപ്പോര് രൂക്ഷമാകും.