അഹമ്മദാബാദ്
കോവിഡ് രോഗികളുടെ മരണസംഖ്യ ഗുജറാത്ത് സർക്കാർ മൂടിവയ്ക്കുന്നെന്ന ആരോപണം ശരിവച്ച് പ്രദേശിക പത്രങ്ങളുടെ ചരമപേജുകൾ. വ്യാഴാഴ്ച ഇറങ്ങിയ സൗരാഷ്ട്ര ഭാസ്ക്കറിന്റെ ഭാവ്നഗർ എഡിഷൻ പത്രത്തിൽ 16ൽ എട്ടുപേജും ചരമ അറിയിപ്പുകൾ. 238 ചരമ വാർത്തയാണ് പത്രം നൽകിയത്. ഗുജറാത്തി പത്രമായ സന്ദേശ് ഖേഡ ജില്ലയിൽ ബുധനാഴ്ച 12 പേർ കോവിഡ് ബാധിച്ച് മരിച്ചെന്ന് റിപ്പോർട്ടു ചെയ്തു. സർക്കാർ കണക്കിൽ മരണം രണ്ട് മാത്രം. അതേദിവസം ഗാന്ധിനഗറിൽ 25 മരണമുണ്ടായത് ഗുജറാത്ത് സമാചാർ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. പക്ഷേ, ഒരു മരണവും ഇല്ലെന്നാണ് ഔദ്യോഗിക കണക്ക്. കോവിഡ് ബാധിതർ അനുബന്ധ രോഗങ്ങളാൽ മരിക്കുന്നതടക്കം വലിയതോതിൽ മരണസംഖ്യ സർക്കാർ മൂടിവയ്ക്കുകയാണെന്ന് പ്രതിപക്ഷ പാർടികൾ ആരോപിച്ചു.
റെംഡെസിവർ ബിജെപി
അധ്യക്ഷന്റെ പോക്കറ്റിൽ
റെംഡെസിവർ കിട്ടാനില്ലാതെ ജനം നെട്ടോട്ടമോടുമ്പോൾ 5000 ഡോസ് തന്റെ കൈവശമുണ്ടെന്ന് പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് സി ആർ പാട്ടീൽ. ആറ് ഡോസിൽ കൂടുതൽ ആർക്കും നൽകരുതെന്ന് സർക്കാർ ഉത്തരവ് നിലനിൽക്കെയാണിത്.
ചോദ്യങ്ങളോട് മുഖ്യമന്ത്രി വിജയ് രൂപാണി മൗനം പാലിച്ചതോടെ, പാട്ടീലിന്റെ മൊബൈൽഫോൺ നമ്പർ ഒന്നാംപേജിൽ നൽകിയാണ് ഗുജറാത്തി പത്രം ദിവ്യ ഭാസ്ക്കർ പുറത്തിറങ്ങിയത്. മരുന്ന് ആവശ്യമുള്ളവർ പാട്ടീലിനെ വിളിക്കാനും പത്രം ആവശ്യപ്പെട്ടു.
രാജ്യം രണ്ടാം തരംഗത്തിൽ വിറച്ചുനിൽക്കുമ്പോഴും സെൻട്രൽ വിസ്ത പദ്ധതി നിർമാണം തുടരുന്ന ചിത്രങ്ങൾ നൽകി നരേന്ദ്ര മോഡിയെ രൂക്ഷമായി വിമർശിച്ച് ഗുജറാത്ത് സമാചാർ രംഗത്തുവന്നു.