മെൽബൺ : ഓസ്‌ട്രേലിയയിലെ സീറോ മലബാര്‍ സമൂഹത്തിന്റെ പ്രഥമ ചാപ്ലെയിനും ക്യൂന്‍സ്‌ലാന്റ് റീജണല്‍ എപ്പിസ്‌കോപ്പല്‍ വികാരിയും സെന്റ് തോമസ് ദി അപ്പോസ്തല്‍ സീറോ മലബാര്‍ പാരിഷ് ബ്രിസ്‌ബെയ്ന്‍ സൗത്ത് ഇടവകയുടെ പ്രഥമ വികാരിയുമായ ഫാദർ പീറ്റർ കാവുംപുറം നിര്യാതനായി . മെൽബൺ/ബ്രിസ്‌ബേൻ മുൻ ഇടവക വൈദികനും ഇടയനും വഴികാട്ടിയുമായ റവ. ഫാ. പീറ്റർ കാവുംപുറം ഇന്നലെ (24/09/2024) യാണ് ദിവംഗതനായത്.
പീറ്റർ അച്ചൻ തൻ്റെ ദയയും,സമർപ്പണവും ക്രിസ്തീയ വിശ്വാസത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും കൊണ്ട് അനേകരുടെ ജീവിതത്തെയും ഹൃദയത്തെയും സ്പർശിച്ചുകൊണ്ട് 4 വർഷക്കാലം ഓസ്‌ട്രേലിയൻ വിശ്വാസി സമൂഹത്തെ വിശ്വസ്തതയോടെ സേവിച്ചു. പീറ്റർ അച്ചൻ അവശേഷിപ്പിച്ച ശൂന്യത ആഴത്തിൽ അനുഭവപ്പെടുമെന്ന് , മെൽബൺ അതിരൂപത ബിഷപ്പ് അഭിപ്രായപ്പെട്ടു . ഫാദറിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പീറ്റർ കാവുംപുറം പ്രയാസകരമായ സമയത്തിലൂടെ കടന്നുപോകുമ്പോൾ അദ്ദേഹത്തിന് വേണ്ടി പ്രാർതഥിച്ചവരെയും, സന്ദർശനം കൊണ്ടും , നല്ല വാക്കുകൾ കൊണ്ടും ആശ്വാസം പകർന്നവരെയും ഈ അവസരത്തിൽ പ്രത്യേകം അനുസ്മരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരേതൻ്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നതിനായി ബിഷപ്പ് ജോൺ ഇന്ന് (25/09/2024) വൈകുന്നേരം 7 മണിക്ക് ക്രെയ്‌ഗിബേണിലുള്ള ഔവർ ലേഡീസ് പള്ളിയിൽ വിശുദ്ധ കുർബാനയും ഒപ്പീസും അർപ്പിക്കും.