മസ്കത്ത് > സുൽത്താനേറ്റ് ഓഫ് ഒമാനും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം മൂല്യം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വമ്പിച്ച കുതിച്ചു ചാട്ടമാണ് നടത്തിയതെന്ന് ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഒസിസിഐ) സെക്കൻഡ് ഡെപ്യൂട്ടി ചെയർമാൻ എൻജിനീയർ ഹമൂദ് ബിൻ സലേം അൽ സാദി അറിയിച്ചു. സെപ്തംബർ 18 ന് മസ്ക്കറ്റിൽ നടന്ന ഒമാൻ – ചൈന ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൻ്റെ പ്രാധാന്യം എടുത്തുകാണിച്ചു കൊണ്ടായിരുന്നു പരാമർശം.
ഒമാന്റെ സുപ്രധാന വാണിജ്യ പങ്കാളിയാണ് ചൈനയെന്നും ഇരു രാഷ്ട്രങ്ങൾക്കും ഇടയിലുള്ള വ്യാപാര വിനിമയമൂല്യം 2023ൽ 10.4 ബില്യൺ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒമാന്റെ നിക്ഷേപക സാധ്യതകൾ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, അടിസ്ഥാന സൗകര്യ മേഖലയിലെ നൂതന പ്രവണതകൾ, റോഡുകൾ, എയർപോർട്ടുകൾ, തുറമുഖങ്ങൾ തുടങ്ങിയ മേഖലകളിലെ വികസനക്കുതിപ്പ് എന്നിവ കണക്കിലെടുത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധത്തിലെ ഉണർവ്വ് പുതിയ തലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ ഇത് ഉത്തേജനം പകരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള കയറ്റുമതി ഹബ് ആയി ഒമാൻ ഭാവിയിൽ ഉയരാനുള്ള സാദ്ധ്യതകൾ പരിഗണിച്ച് വിവിധരാജ്യങ്ങളുമായി അത്തരത്തിലുള്ള കരാറുകൾക്ക് ഇതിനകം തന്നെ ധാരണയായിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖലയാണ് കരാറുകളിൽ ഭൂരിഭാഗവും സംഭാവന ചെയ്തിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു. ഒമാൻ വിഷൻ 2040 ന്റെ ഭാഗമായി വിവിധ മേഖലകളിൽ ധാരാളം നിക്ഷേപക സാധ്യതകളാണ് ഒമാൻ തുറന്നിരിക്കുന്നത്. കൃഷി, മത്സ്യബന്ധനം, വ്യവസായം, സാങ്കേതികവിദ്യ, നിർമ്മിത ബുദ്ധി, നിർമ്മാണ മേഖല, ലോജിസ്റ്റിക്സ്, പുനരുപയോഗ ഊർജ്ജ മേഖല തുടങ്ങി നിരവധി മേഖലകൾ നിക്ഷേപകരെ കാത്തിരിക്കുകയാണെന്ന് അൽ സാദി പറഞ്ഞു.
ചൈനയും ഒമാനും തമ്മിൽ വളർന്നു വരുന്ന സാമ്പത്തിക ബന്ധങ്ങളെ ചൈന കൗൺസിൽ ഫോർ പ്രൊമോഷൻ ഓഫ് ഇന്റർനാഷണൽ ട്രേഡ്(സി സി പി ഐ ടി) വൈസ് ചെയർമാൻ യു ജിയാൻലോങ് പ്രകീർത്തിച്ചു. കാലങ്ങളായി ഇരു രാഷ്ട്രങ്ങളും തമ്മിൽ ഊഷ്മളമായ ബന്ധമാണ് നിലനിൽക്കുന്നതെന്നും സമീപ വർഷങ്ങളിൽ വാണിജ്യ ബന്ധങ്ങളിൽ പ്രകടമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒമാൻ ചേംബർ ഓഫ് കൊമേഴ്സിനും, സി സി പി ഐ ടിയ്ക്കും ഫോറത്തിൽ സന്നിഹിതരായിരിക്കുന്ന മുഴുവൻ ബിസിനസ് വ്യക്തിത്വങ്ങൾക്കും അതിൽ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരും കാലങ്ങളിൽ ഒമാൻ ചേംബർ ഓഫ് കൊമേഴ്സുമായി സഹകരിച്ച് കൂടുതൽ ചൈനീസ് സംരംഭകരെ ഒമാനിലെത്തിക്കാനും സഹകരണ മേഖലകൾ വിപുലപ്പെടുത്താനും പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാസ, ഊർജ്ജ വ്യവസായ മേഖലകളിൽ നിലവിൽ ചൈനീസ് കമ്പനികൾ ഒമാനിൽ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. പുനരുപയോഗ ഊർജ്ജം, വാർത്താവിനിമയം, വൈദ്യുത വാഹനങ്ങൾ തുടങ്ങിയ മേഖകളിലേക്കുള്ള നിക്ഷേപങ്ങളെ ഒമാൻ ഗവൺമെന്റ് വലിയ നിലയിൽ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തിൽ ഭാവിയിൽ അത്തരം മേഖലകളിൽ കൂടുതൽ നിക്ഷേപങ്ങൾ പരിഗണനയിലുണ്ടെന്നും ജിയാൻലോങ് പറഞ്ഞു.
ചൈനയുടെ പ്രഖ്യാതമായ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുമായി ഒമാൻ വിഷൻ 2040 നെ കണ്ണിചേർക്കുക എന്നതാണ് ഒമാൻ, ചൈനാ വാണിജ്യ- നയതന്ത്ര സഹകരണത്തിന്റെ മറ്റൊരു സുപ്രധാന മേഖല. ശാസ്ത്ര സാങ്കേതികവിദ്യ, പരിസ്ഥിതി സൗഹൃദ അനുബന്ധ സാങ്കേതിക വിദ്യ, ഡിജിറ്റൽ സാങ്കേതിക വിദ്യ, നിർമ്മിത ബുദ്ധി തുടങ്ങിയ മേഖലകളിൽ സഹകരണം ഉറപ്പാക്കാൻ ഇതുവഴി സാധിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഒമാനിൽ നിക്ഷേപം നടത്തുന്നവർക്കായി സർക്കാർ ഒരുക്കുന്ന അവസരങ്ങളും ആനുകൂല്യങ്ങളും വിശദീകരിക്കുന്ന ‘ഇൻവെസ്റ്റ് ഇൻ ഒമാൻ’ പ്രെസന്റേഷനും, അനുബന്ധ ബിസിനസ് മീറ്റിംഗുകളും ഫോറത്തിന്റെ ഭാഗമായി നടന്നു. 2024 നവംബർ 26 മുതൽ 30 വരെ ബെയ്ജിങ്ങിൽ സംഘടിപ്പിക്കപ്പെടുന്ന ‘ചൈന ഇന്റർനാഷണൽ സപ്ലൈ ചെയിൻ എക്സ്പോ’യുടെ രൂപരേഖ സി സി പി ഐ ടി പ്രതിനിധികൾ ഫോറത്തിൽ അവതരിപ്പിച്ചു. ഒമാൻ പ്രതിനിധി സംഘം എക്സ്പോയിൽ പങ്കെടുക്കുമെന്ന് ഫോറത്തിൽ ധാരണയായി.