ദുബായ് > യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ അമേരിക്കൻ ഔദ്യോഗിക സന്ദർശനം തിങ്കളാഴ്ച ആരംഭിക്കും. പ്രസിഡൻ്റായതിന് ശേഷം അമേരിക്കയിലേക്കുള്ള ആദ്യ യാത്രയാണ് ഇത്.
പ്രസിഡൻ്റ് ജോ ബൈഡനുമായി ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തും. യുഎഇയും യുഎസും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടായിരിക്കും ചർച്ച. ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനും യുഎഇ-യുഎസ് തന്ത്രപരമായ പങ്കാളിത്തം സംബന്ധിച്ചും ചർച്ചകൾ നടക്കും.
സാമ്പത്തിക സഹകരണം, നിക്ഷേപ അവസരങ്ങൾ, സാങ്കേതികവിദ്യയിലും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലുമുള്ള പുരോഗതി, ബഹിരാകാശ പര്യവേക്ഷണം, പുനരുപയോഗിക്കാവുന്ന ഊർജ സംരംഭങ്ങൾ, കാലാവസ്ഥാ പ്രവർത്തനം എന്നീ വിഷയങ്ങൾ ചർച്ചയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രസിഡൻ്റ് ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമേ വിവിധ യുഎസ് ഉദ്യോഗസ്ഥരുമായി യു എ ഇ പ്രസിഡൻ്റ് ചർച്ച നടത്തും.