ന്യൂഡൽഹി
ആന്ധ്രപ്രദേശിലെ തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡുവിൽ വൈഎസ്ആർ കോൺഗ്രസിന്റെ കാലത്ത് മൃഗക്കൊഴുപ്പും മത്സ്യ എണ്ണയും ഉപയോഗിച്ചന്ന ടിഡിപിയുടെ അവകാശവാദത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുമായി സംസാരിച്ചുവെന്നും റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടുവെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ പ്രതികരിച്ചു. സമഗ്രഅന്വേഷണം വേണമെന്ന് കേന്ദ്രഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയും ആവശ്യപ്പെട്ടു.
ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്മെന്റ് ലാബിൽ നടത്തിയ പരിശോധനയിൽ നെയ്യിൽ മൃഗക്കൊഴുപ്പും മത്സ്യഎണ്ണയുടെ സാനിധ്യവും സ്ഥിരീകരിച്ചുവെന്നാണ് ടിഡിപി ആരോപണം. വൈഎസ്ആർ സർക്കാർ ക്ഷേത്രത്തിന്റെ പവിത്രത തകർത്തുവെന്നാണ് നായിഡു ആരോപിച്ചത്. ക്രൈസ്തവ വിശ്വാസം പിന്തുടരുന്ന ജഗൻ മോഹൻ റെഡ്ഡിക്കെതിരായ ആരോപണം ആന്ധ്രയിൽ വർഗീയ ധ്രുവീകരണം ശക്തമാക്കുമെന്ന ആശങ്കയുമുണ്ട്.
അതേസമയം, വിദ്വേഷകരമായ ആരോപണമാണ് നായിഡുവിന്റേതെന്ന് വ്യക്തമാക്കിയ വൈഎസ്ആർ കോൺഗ്രസ്, ആന്ധ്ര ഹൈക്കോടതിയെ സമീപിച്ചു. വിഷയം പൊതുതാൽപര്യ ഹർജിയായി സെപ്റ്റംബർ 25ന് മുമ്പ് സമർപ്പിക്കാൻ കോടതി നിർദേശിച്ചു.