ന്യൂഡൽഹി
ആഭ്യന്തര യുദ്ധത്തിന് സമാനമായ സ്ഥിതിയിലേയ്ക്ക് നീങ്ങുന്ന മണിപ്പുരിൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ തയ്യാറാകാതെ എൻ ബിരേൻസിങ്. 24 മണിക്കൂറിനിടെ രണ്ടാം തവണയും ഗവർണർ എൽ ആചാര്യയെ കണ്ട മുഖ്യമന്ത്രി കേന്ദ്രസർക്കാരിന് വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം നൽകി. സ്പീക്കർ തോക്ചോം സത്യബ്രത സിങ്ങിനും ഇരുപത് എംഎൽഎമാർക്കും ഒപ്പമാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്. ഇതിനുമുമ്പ് എംഎൽഎമാരുടെ യോഗവും വിളിച്ചു.
റോക്കറ്റ് ലോഞ്ചറുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങൾ കണക്കിലെടുത്ത് സംസ്ഥാനത്തിന്റെ അധികാരങ്ങൾ വിപുലപ്പെടുത്തണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടെന്നാണ് വിവരം. അടിയന്തര കേന്ദ്ര ഇടപെടലിനൊപ്പം 2008ൽ കുക്കി വിമതരുമായ ഒപ്പുവെച്ച കരാർ റദ്ദാക്കണമെന്നും സർക്കാർ ആവർത്തിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചു.
ഡ്രോൺ ആക്രമണം നേരിടാൻ അസം റൈഫിൾസും സിആർപിഎഫും ഇംഫാൽ താഴ്വരയിലടക്കം ആന്റി ഡ്രോൺ സംവിധാനങ്ങൾ സ്ഥാപിച്ചു.
അതേസമയം, അഞ്ച് ദിവസത്തിനുള്ളിൽ സംഘർഷം പരിഹരിച്ചില്ലങ്കിൽ സ്വയം പ്രതിരോധിക്കുമെന്ന് മെയ്ത്തി സംഘടനയായ കോഓർഡിനേഷൻ കമ്മിറ്റി ഓൺ മണിപ്പുർ ഇന്റഗ്രിറ്റി (സിസിഎംഐ) പ്രഖ്യാപിച്ചു. സ്വന്തം നിലയ്ക്ക് പ്രഖ്യാപിച്ച പൊതുഅടിയന്തരാവസ്ഥ സംഘടന ഞായർ വൈകിട്ട് പിൻവലിച്ചു.
ശനിയാഴ്ച മാത്രം ആറുപേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്.