മസ്ക്കത്ത് > സെപ്റ്റംബർ അഞ്ചിന് ഇറാഖിനെതിരായ 2026 ലോകകപ്പിനുള്ള ഏഷ്യൻ യോഗ്യതാ മത്സരത്തിൽ പങ്കെടുക്കുന്ന ഒമാനി ആരാധകരെ വിസ ഫീസിൽ നിന്ന് ഒഴിവാക്കുമെന്ന് ബാഗ്ദാദിലെ ഒമാൻ എംബസി അറിയിച്ചു. ഇറാഖിലേക്ക് പ്രവേശിക്കുന്ന കര-വിമാന യാത്രക്കാർക്ക് ഇളവ് ബാധകമാണ്. സെപ്തംബർ രണ്ടു മുതൽ അഞ്ചു വരെ ബസ്ര ഗവർണറേറ്റിൽ എത്തുന്നവർക്കാണ് ഇളവ് ബാധകം.
സാംസ്കാരിക-കായിക-യുവജന വകുപ്പ് മന്ത്രി സയ്യിദ് തെയാസിൻ ബിൻ ഹൈതം അൽ സെയ്ദ് ഏതാനും ദിവസം മുൻപ് സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ ഒമാൻ ദേശീയ ഫുട്ബോൾ ടീം ക്യാമ്പ് സന്ദർശിച്ചിരുന്നു. ഇറാഖിനെതിരായ ഏഷ്യൻ യോഗ്യതാ മത്സരത്തിനുള്ള ടീമിൻ്റെ തയ്യാറെടുപ്പുകളെക്കുറിച്ച് പരിശീലകൻ ജറോസ്ലാവ് സിൽഹവി, സയ്യിദ് തെയാസിന് വിശദീകരിച്ചു. ഒമാൻ ദേശീയ ടീമിൻ്റെ കഴിവിൽ വിശ്വാസമർപ്പിക്കുന്നതായും, ലോകകപ്പ് യോഗ്യതാറൗണ്ടിൽ അവർക്ക് എല്ലാവിധ വിജയാശംസകൾ നേരുന്നതായും സയ്യിദ് തെയാസിൻ പറഞ്ഞു.