ചണ്ഡീഗഢ്> ഹരിയാണയില് പശു സംരക്ഷകർ പന്ത്രണ്ടാം ക്ലാസ് വിദ്യാര്ഥിയെ വെടിവെച്ച് കൊന്നു. ഫരിദാബാദ് സ്വദേശി ആര്യന് മിശ്രയാണ് കൊല്ലപ്പെട്ടത്. കാറിൽ ആര്യനെയും സുഹൃത്തുക്കളെയും പിന്തുടര്ന്ന സംഘം വെടിയുതിര്ക്കുകയായിരുന്നു. ഗന്ധ്പുരിയില് കഴിഞ്ഞ 23 ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്ത് വരുന്നത്.
പശുക്കടത്ത് നടത്തിയവര് രണ്ട് കാറുകളിലായി നഗരം വിടുന്നതായി അക്രമി സംഘങ്ങൾക്കിടയിൽ വാർത്ത പരന്നു. നിയമം കയ്യിലെടുത്ത് സ്വന്തം തിരച്ചിൽ ആരംഭിച്ചു. ഈ സമയത്താണ് സുഹൃത്തുക്കളായ ഷാങ്കിക്കും ഹര്ഷിത്തിനുമൊപ്പം ആര്യന് സഞ്ചരിച്ച വാഹനത്തിന് നേരെ പട്ടേല്ചൗക്കില്വെച്ച് അക്രമികൾ വെടിയുതിർക്കുന്നത്.
സായുധ സംഘം ആര്യനോടും സംഘത്തോടും വാഹനം നിര്ത്താന് ആവശ്യപ്പെട്ടെങ്കിലും ഭയം കാരണം അവര് നിര്ത്തിയില്ല. 30 കിലോമീറ്ററോളം ദൂരം ആര്യനെയും സുഹൃത്തുക്കളെയും പിന്തുടര്ന്നാണ് വെടിവെച്ചത്.
പ്ലസ് ടു വിദ്യാർത്ഥിയായ ആര്യന്റെ കഴുത്തിലാണ് വെടി കൊണ്ടത്. കാര് നിര്ത്തിയതിന് പിന്നാലെ പശു സംരക്ഷകർ വീണ്ടും വെടിയുതിര്ത്തിരുന്നതായും പൊലീസ് കണ്ടെത്തി. ആര്യനെ ഉടന് ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ഒരു ദിവസത്തിന് ശേഷം മരിച്ചു.
ഹർഷിത്, ഷാങ്കി എന്നീ കൂട്ടുകാർക്കൊപ്പം അവരുടെ കാറിൽ നൂഡിൽസ് കഴിക്കാൻ പോയതായിരുന്നു ആര്യൻ.
പശു സംരക്ഷണ ആക്രമി സംഘത്തിലെ അനില് കൗശിക്, വരുണ്, കൃഷ്ണ, ആദേഷ്, സൗരഭ് എന്നിവരെ പൊലീസ് പിടികൂടി. ആര്യനുനേര്ക്ക് വെടിയുതിര്ക്കാന് ഉപയോഗിച്ച തോക്ക് കനാലിൽ ഉപേക്ഷിച്ചത് പൊലീസ് കണ്ടെത്തി. ഇത് അനധികൃതമാണെന്നും കണ്ടെത്തി. ഹരിയാനയിലെ ചക്രി ദാദ്രിയിൽ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥികൾ ഉൾപ്പെടെ ഒരു സംഘം അതിഥി തൊഴിലാളിയെ പശുക്കടത്തിന്റെ പേരിൽ തല്ലിക്കൊന്ന സംഭവം ഉണ്ടായിരുന്നു. ആഗസ്ത് 28 നായിരുന്നു ഈ സംഭവം.