തൃശ്ശൂര്> പൂരം നടത്തിപ്പ് സംബന്ധിച്ച ലോക്സഭാ തെരഞ്ഞെടുപ്പിനിടയിലെ വിവാദങ്ങളിൽ പോലീസിന്റെ അന്വേഷണറിപ്പോര്ട്ട് പുറത്തുവിടണമെന്ന് തൃശ്ശൂർ മണ്ഡലത്തിലെ എല്.ഡി.എഫ്. സ്ഥാനാര്ഥിയായിരുന്ന സി.പി.ഐ. നേതാവ് വി.എസ്. സുനില്കുമാര്.
പൂരം നടത്തിപ്പ് സംബന്ധിച്ച വിവാദത്തിൽ ഇരയാക്കപ്പെട്ട വ്യക്തിയാണ് താന്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മധ്യത്തില് പൂരത്തിന്റെ പ്രധാന ചടങ്ങുകള് നിര്ത്തിവെക്കുന്നതില് നടത്തിപ്പുമായി ബന്ധപ്പെട്ട ചില ആളുകളും ഉള്പ്പെട്ടിട്ടുണ്ട്.
അന്വേഷണ റിപ്പോര്ട്ട് പുറത്തുവന്നാലേ ചേരയാണോ മൂര്ഖനാണോയെന്ന് തീരുമാനിക്കാന് പറ്റൂവെന്ന് സുനില്കുമാര് പറഞ്ഞു.
പുറത്തു നിന്നും ആർഎസ്എസ് നേതാക്കൾ എത്തി
രാവിലെയില്ലാത്ത കൃത്യവിലോപം വൈകീട്ട് എങ്ങനെയുണ്ടായെന്ന് മനസിലായിട്ടില്ല. 2.45- 3 മണി നേരത്ത് ബി.ജെ.പി. സ്ഥാനാര്ഥിയെ ആംബുലന്സില് കൊണ്ടുവരുന്നു, തൃശ്ശൂര് ജില്ലക്കാരല്ലാത്ത ആര്.എസ്.എസ്. സംസ്ഥാന നേതാക്കളടക്കം പ്രത്യക്ഷപ്പെടുന്നു. ഇതൊക്കെ യാദൃച്ഛികമാണെന്ന് വിചാരിക്കുന്നുണ്ടോ?
പൂരം അലങ്കോലമാക്കിയതിന് പിന്നില് പ്രവര്ത്തിച്ചവര് ആരാണ്, ഗൂഢാലോചനയെന്താണ് തുടങ്ങിയ കാര്യങ്ങൾ പുറത്തുവരണം. പൂരം കലക്കിയതിന്റെ ഗുണഭോക്താക്കളാണ് അതിനുപിന്നിലുള്ളത്. ഇന്നല്ലെങ്കില് നാളെ അക്കാര്യം അറിയാം.
അന്ന് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടവര് ഇപ്പോഴെന്താണ് റിപ്പോര്ട്ട് പുറത്തുവരണമെന്ന് ആവശ്യപ്പെടാത്തത്? സത്യസ്ഥിതി പുറത്തുവരട്ടെ. പുതുതായി ആരോപണങ്ങള് ഉന്നയിക്കപ്പെട്ട സാഹചര്യത്തില് റിപ്പോര്ട്ട് പുറത്തുവരണം‘, അദ്ദേഹം ആവശ്യപ്പെട്ടു.
‘രാത്രിസമയത്ത് മേളം നിര്ത്തിവെക്കാന് പറഞ്ഞു, ലൈറ്റ് ഓഫ് ചെയ്യാന് ആവശ്യപ്പെട്ടു. വെടിക്കെട്ട് നടത്തില്ലെന്ന് നാടകീയമായ നിലപാടുണ്ടായി. അതുവരെ പൂരത്തിന്റെ ഒരുചടങ്ങിലെങ്കിലും പങ്കെടുക്കാതിരുന്ന ബി.ജെ.പി. സ്ഥാനാര്ഥി ആര്.എസ്.എസ്. നേതാക്കള്ക്കൊപ്പം നാടകീയമായി പ്രത്യക്ഷപ്പെട്ടു. ഇതൊക്കെ കൂട്ടിവായിക്കുമ്പോള് അതിനുപിന്നിലെ രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാണ്.
പൂരം അലങ്കോലപ്പെടുത്താന് തീരുമാനിച്ചത് സര്ക്കാരാണെന്നും പിന്നില് എല്.ഡി.എഫാണെന്നും പ്രചാരണം നടത്തി ജനവികാരം തിരിച്ചുവിടാന് ശ്രമിച്ച ആളുകളാണ് ബി.ജെ.പിയും ആര്.എസ്.എസും. ഇവിടുത്തെ പല പൂരപ്രമികളെക്കാളും കൂടുതല് പൂരത്തെ സ്നേഹിക്കുന്ന ആളാണ് ഞാന്. എന്നെയടക്കം ഈ ആളുകള് പ്രതിക്കൂട്ടിലാക്കി‘, സുനില്കുമാര് പറഞ്ഞു.
തൃശൂര് പൂരം നടത്തിപ്പിലുണ്ടായ അനിശ്ചിതത്വവുമായി ബന്ധപ്പെട്ട് എഡിജിപി എം ആര് അജിത് കുമാറിന്റെ പേര് കഴിഞ്ഞ ദിവസങ്ങളില് പി വി അന്വര് എം എൽ എ പരാമർശിച്ചിരുന്നു.