കുവൈത്ത് സിറ്റി > കുവൈത്തിന്റെ ചരിത്രത്തിലെ 17-ാമത്തെ വനിത മന്ത്രി നോറ അൽ ഫസാം സ്ഥാനമേറ്റു. ധനകാര്യ മന്ത്രിയായും സാമ്പത്തിക, നിക്ഷേപ കാര്യ സഹമന്ത്രിയായുമാണ് നോറ അൽ ഫസാമിനെ നിയമിച്ചത്. 17-ാം വനിത മന്ത്രിയുടെ നിയമനം രാജ്യത്തിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്. രാജ്യത്തിൻ്റെ വികസനം നയിക്കുന്നതിൽ സ്വദേശി സ്ത്രീകൾ വഹിക്കുന്ന നിർണായക പങ്കിന്റെ പ്രതിഫലനമാണിത്. നിലവിൽ കുവൈത്ത് മന്ത്രിസഭയിൽ മൂന്ന് വനിതാ മന്ത്രിമാരുണ്ട്.
2005 ജൂൺ 14ന് ആസൂത്രണ മന്ത്രിയും ഭരണ വികസന മന്ത്രിയുമായി നിയമിതയായ ഡോ. മസൂമ അൽ മുബാറക്കാണ് കുവൈത്തിലെ ആദ്യ വനിതാ മന്ത്രി. 2006ൽ വാർത്താവിനിമയ മന്ത്രിയും 2007ൽ ആരോഗ്യമന്ത്രിയും ഉൾപ്പെടെ വിവിധ പദവികളിൽ അവർ തുടർന്നു.
2007 മാർച്ചിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായി നൂരിയ അൽ സബീഹും നിയമിതയായതോടെ മന്ത്രിസഭയിൽ രണ്ടു വനിതമന്ത്രിമാരായി.
2008ൽ ഡോ. മൗദി അൽ ഹുമൂദ് ഭവനകാര്യ സഹമന്ത്രിയായി നിയമിതയായി. 2011ൽ വാണിജ്യ-വ്യവസായ മന്ത്രിയായി ഡോ. അമാനി ബൗറെസ്ലി നിയമിതയായി. ആസൂത്രണ സഹമന്ത്രിയായും ഇവർ ചുമതല ഏറ്റെടുത്തു. 2012 ജൂലൈയിൽ ഡോ.റോള ദഷ്തി ആസൂത്രണ സഹമന്ത്രിയായും ദേശീയ അസംബ്ലി കാര്യ സഹമന്ത്രിയായും നിയമിതനായി. 2013 ൽ സാമൂഹ്യകാര്യ മന്ത്രി ഉൾപ്പെടെയുള്ള അധിക ചുമതലകളും ഇവർ ഏറ്റെടുത്തു.
2016 ഡിസംബർ മുതൽ ഹിന്ദ് അൽ സബീഹ് സാമൂഹ്യകാര്യ-തൊഴിൽ മന്ത്രിയായും സാമ്പത്തികകാര്യ സഹമന്ത്രിയായും സേവനമനുഷ്ഠിച്ചു. 2017 ഡിസംബറിൽ ഡോ. ജെനൻ ബുഷെഹ്രി ഭവനകാര്യ സഹമന്ത്രിയായി. 2019 ഡിസംബറിൽ മൂന്ന് വനിതാ മന്ത്രിമാർ മന്ത്രിസഭയിലെത്തി. മറിയം അൽ അഖീൽ ധനമന്ത്രിയും സാമ്പത്തിക കാര്യ സഹമന്ത്രിയും, ഡോ.റാണ അൽ ഫാരെസ് പൊതുമരാമത്ത് മന്ത്രിയും ഭവനകാര്യ സഹമന്ത്രിയുമായി. ഡോ.ഗദീർ അസിരി സാമൂഹ്യകാര്യ മന്ത്രിസഥാനവും വഹിച്ചു.
2022-ൽ ഹുദ അൽ ഷൈജി സാമൂഹ്യകാര്യ മന്ത്രിയും വനിതാ ശിശുകാര്യ സഹമന്ത്രിയുമായി നിയമിതയായി. 2022 ഒക്ടോബറിൽ ഡോ.അമാനി ബൊഗാമാസ്പൊതുമരാമത്ത്-വൈദ്യുതി-ജലം-ഊർജ മന്ത്രിയായും, മായ് അൽ ബാഗ്ലി സാമൂഹ്യകാര്യ മന്ത്രിയും വനിതാ ശിശുകാര്യ സഹമന്ത്രിയുമായും ചുമതലകൾ ഏറ്റെടുത്തു. 2024ൽ ഡോ.നൂറ അൽ മഷാൻ പൊതുമരാമത്ത് മന്ത്രിയായും, മുനിസിപ്പാലിറ്റി കാര്യ സഹമന്ത്രിയായും നിയമിതനായി. 2024 മെയിൽ ഡോ. അംതൽ അൽ ഹുവൈലയെ സാമൂഹിക-തൊഴിൽ, കുടുംബ-ബാല്യകാര്യ മന്ത്രി, യുവജനകാര്യ സഹമന്ത്രിയായും നിയമിച്ചു.