കുവൈത്ത് സിറ്റി> കുവൈത്തിൽ ആശയവിനിമയ സേവനരംഗത്ത് ഏറ്റവും നൂതനമായ 5ജി-എ. സാങ്കേതികവിദ്യ (5.5 ജി, 5ജി-എ)ഉടൻ ആരംഭിക്കും. ഇതിനായുള്ള തയ്യാറെടുപ്പുകൾ നടത്തി വരികയാണെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ റെഗുലേറ്ററി അതോറിറ്റി (സിട്രാ) അറിയിച്ചു.
ഡിജിറ്റൽ സേവനങ്ങളെയും ആപ്ലിക്കേഷനുകളെയും പിന്തുണയ്ക്കുന്നതിലും മൊബൈൽ കമ്മ്യൂണിക്കേഷൻ നെറ്റ്വർക്ക് സേവനങ്ങളുമായുള്ള ഉപയോക്താക്കളുടെ അനുഭവം തുടർച്ചയായി മെച്ചപ്പെടുത്തുന്നതിലും ഇതൊരു സുപ്രധാന കുതിച്ചുചാട്ടമാകുമെന്ന് സിട്രാ ആക്ടിങ് ചെയർമാൻ അബ്ദുല്ല അൽ അജ്മി പറഞ്ഞു.
5ജി-എ സാങ്കേതികവിദ്യ മൊബൈൽ കമ്യൂണിക്കേഷൻ നെറ്റ്വർക്കുകളുടെ ശേഷി വർധിപ്പിക്കുമെന്നും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ ആസ്വദിക്കാൻ കൂടുതൽ 5ജി വരിക്കാരെ അനുവദിക്കുമെന്നും സിട്രാ വ്യക്തമാക്കി. ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി), ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർച്വൽ, ഓഗ്മെന്റഡ് റിയാലിറ്റി, 3ഡി വിഡിയോ, ക്ലൗഡ് സേവനങ്ങൾ തുടങ്ങിയ ആധുനിക ആപ്ലിക്കേഷനുകൾ സ്വീകരിക്കുന്നതിനും ഇത് വഴിയൊരുക്കും.
ഗേറ്റ് 5 ന് സമീപമുള്ള അൽ-ഹംറ ടവർ ഷോപ്പിംഗ് സെന്ററിൽ മൂന്ന് ദിവസത്തേക്ക് 5ജിഎ സാങ്കേതികവിദ്യ അനുഭവിക്കാൻ ഉപയോക്താക്കളെ സ്വാഗതം ചെയ്യുന്നതായി അൽ അജ്മി പറഞ്ഞു.