ന്യൂഡൽഹി > തൊഴിലാളികൾക്ക് ദ്രോഹകരമായ പുതിയ തൊഴിൽ ചട്ടങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് സിഐടിയു ഉൾപ്പെടെയുള്ള 10 കേന്ദ്ര ട്രേഡ്യൂണിയനുകൾ തൊഴിൽ മന്ത്രി മൻസുഖ് മണ്ഡവ്യയോട് ആവശ്യപ്പെട്ടു. ഒമ്പതുവർഷമായി ഇന്ത്യൻ തൊഴിൽ കോൺഫറൻസ് (ഐഎൽസി) ചേർന്നിട്ടില്ലെന്നും എത്രയും വേഗം വിളിക്കണമെന്നും മന്ത്രി വിളിച്ച യോഗത്തിൽ ട്രേഡ്യൂണിയൻ പ്രതിനിധികൾ ആവശ്യപ്പെട്ടു.
ഐഎൽസിയിൽ ചർച്ച ചെയ്യാതെയാണ് പുതിയ തൊഴിൽ ചട്ടങ്ങൾ കൊണ്ടുവന്നത്. പ്രതിപക്ഷം ഇരുസഭകളും ബഹിഷ്ക്കരിച്ചതിനാൽ പാർലമെന്റിലും ചർച്ചയുണ്ടായില്ല. രാജ്യം കോവിഡിന്റെ പിടിയിൽ അമർന്ന ഘട്ടത്തിലാണ് മൂന്ന് ചട്ടവും നടപ്പാക്കിയത്. ഈ തൊഴിൽ നിയമങ്ങൾ പിൻവലിക്കണം. റെയിൽവെ, റോഡുഗതാഗതം, ഖനികൾ, തുറമുഖം, പ്രതിരോധം, വൈദ്യുതി, തപാൽ, ടെലികോം, ഇൻഷുറൻസ്, ബാങ്ക് തുടങ്ങിയ പൊതുമേഖലകളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കണം.
മിനിമം കൂലി 26000 രൂപയായി നിശ്ചയിക്കണം. ഓരോ അഞ്ചുവർഷം കൂടുമ്പോഴും പണപ്പെരുപ്പത്തിന് അനുസൃതമായി മിനിമം കൂലി ഉയർത്തണം. അംഗൻവാടി, ആശ, ഉച്ചഭക്ഷണ തൊഴിലാളികള്ക്ക്ഇ എസ്ഐ ആനുകൂല്യങ്ങൾ ഉറപ്പാക്കണം–- സിഐടിയു, എഐടിയുസി, ഐഎൻടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, യുടിയുസി തുടങ്ങി 10 കേന്ദ്ര ട്രേഡ്യൂണിയനുകൾ ആവശ്യപ്പെട്ടു.