ന്യൂഡൽഹി> കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരമുള്ള കേസുകളിലും അസാധാരണ സാഹചര്യത്തിൽ മാത്രമേ ജാമ്യം നിഷേധിക്കാൻ പാടുള്ളുവെന്ന് സുപ്രീംകോടതി. ‘ജാമ്യമാണ് നിയമം; ജയിൽ അസാധാരണം’–-എന്ന നിയമതത്ത്വം പിഎംഎൽഎ കേസുകൾക്കും ബാധകമാണെന്ന് ജസ്റ്റിസുമാരായ ഭൂഷൺ ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. പിഎംഎൽഎ 45–-ാം വകുപ്പിൽ ‘ഇരട്ട ഉപാധികൾ’ക്ക് വിധേയമായിട്ടാണ് ജാമ്യം അനുവദിക്കേണ്ടതെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ, ജാമ്യമാണ് നിയമമെന്ന തത്ത്വം ഭരണഘടനയുടെ 21–-ാം അനുച്ഛേദത്തിന്റെ വ്യാഖ്യാനമാണ്. അത് പൗരൻമാർക്ക് ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും വാഗ്ദാനം ചെയ്യുന്നു. പിഎംഎൽഎ 45–-ാം വകുപ്പിന്റെ പേരിൽ ആ അവകാശം നിഷേധിക്കാനാകില്ല. ഇരട്ടഉപാധികൾ പാലിക്കപ്പെടുന്ന എല്ലാ കേസുകളിലും കോടതികൾക്ക് ജാമ്യം അനുവദിക്കാം–- ജസ്റ്റിസ് കെ വി വിശ്വനാഥൻ വിധിന്യായത്തിൽ പറഞ്ഞു.
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അനുയായി പ്രേംപ്രകാശിന് പിഎംഎൽഎ കേസിൽ ജാമ്യം അനുവദിച്ചാണ് സുപ്രീംകോടതിയുടെ പ്രധാനപ്പെട്ട നിരീക്ഷണം. ജാമ്യാപേക്ഷ തള്ളിയ ജാർഖണ്ഡ് ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്താണ് പ്രേംപ്രകാശ് സുപ്രീംകോടതിയിലെത്തിയത്.
നേരത്തെ, യുഎപിഎ കേസുകളിലും ജാമ്യമമാണ് നിയമമെന്ന തത്ത്വം ബാധകമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ഇഡി അറസ്റ്റ് ചെയ്ത നിരവധി രാഷ്ട്രീയ നേതാക്കൾക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ഡൽഹി മദ്യനയക്കേസിൽ എഎപി നേതാക്കളായ സഞ്ജയ് സിങ്, മനീഷ് സിസോദിയ, ബിആർഎസ് നേതാവ് കെ കവിത, ഭൂമിഇടപാട് കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത്സോറൻ എന്നിവർ ജാമ്യം ലഭിച്ച് പുറത്തിറങ്ങി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ജാമ്യം അനുവദിച്ചു. സിബിഐ കേസിൽകൂടി ജാമ്യംകിട്ടിയാലെ പുറത്തിറങ്ങാനാകു.
കസ്റ്റഡിയിലുള്ള വ്യക്തിയുടെ മൊഴി മറ്റൊരു കേസിൽ തെളിവല്ല
ന്യൂഡൽഹി> പിഎംഎൽഎ കേസിൽ കസ്റ്റഡിയിലുള്ള വ്യക്തി നൽകിയ മൊഴി മറ്റൊരു പിഎംഎൽഎ കേസിൽ തെളിവായി സ്വീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി. പിഎംഎൽഎ 50–-ാം വകുപ്പ് അനുസരിച്ച് ഇത്തരം മൊഴികൾ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി ഉത്തരവിൽ പറഞ്ഞു. ഒരു എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) അനുസരിച്ച് കസ്റ്റഡിയിലെടുത്ത വ്യക്തിയുടെ മൊഴി അതേ ഇസിഐആർ അനുസരിച്ച് രേഖപ്പെടുത്തണം. ആ മൊഴി മറ്റൊരു കേസിൽ അതേ വ്യക്തിക്ക് എതിരായ കുറ്റങ്ങൾ സ്ഥാപിക്കാനുള്ള തെളിവായി സ്വീകാര്യമല്ലെന്ന് വിധിന്യായത്തിൽ നിരീക്ഷിച്ചു.
വിജയ് മദൻലാൽ ചൗധ്രി കേസിൽ (2022) ഇഡി ഉദ്യോഗസ്ഥർ പിഎംഎൽഎ 50–-ാം വകുപ്പ് പ്രകാരം രേഖപ്പെടുത്തുന്ന മൊഴി തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അതേസമയം, കുറ്റാരോപിതർ പൊലീസിന് നൽകിയ മൊഴി തെളിവായി ഉപയോഗിക്കരുതെന്ന് തെളിവുനിയമത്തിലെ 25–-ാം വകുപ്പ് അനുശാസിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, പിഎംഎൽഎ കേസുകളിലെ കുറ്റാരോപിതർക്ക് തെളിവുനിയമത്തിലെ 25–-ാം വകുപ്പ് ബാധകമാണോയെന്നത് ഓരോ കേസിന്റെയും സവിശേഷത പരിശോധിച്ച് തീരുമാനിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു.