ഷാർജ > നിർമ്മിത ബുദ്ധിയിൽ സ്ത്രീകൾ സാക്ഷരരാവുകയും ആഗോള സാങ്കേതിക മുന്നേറ്റത്തിനുള്ള അത്യാധുനിക കഴിവുകൾ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും ജനറൽ വിമൻസ് യൂണിയൻ. പ്രതിരോധ മന്ത്രാലയത്തിന്റേയും യുഎൻ വുമൺ ലൈസൻ ഓഫീസിന്റേയും സഹകരണത്തോടെ ജനറൽ വിമൻസ് യൂണിയൻ സംഘടിപ്പിച്ച വാർഷിക പരിശീലന പരിപാടിയിലാണ് ജനറൽ വിമൻസ് യൂണിയന്റെ അഭിപ്രായം.
ഖലീഫ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ പങ്കാളിത്തത്തോടെയുള്ള ഷെയ്ഖ ഫാത്തിമ ബിന്ത് മുബാറക് പീസ് ആൻഡ് സെക്യൂരിറ്റി സംരംഭത്തിന്റെ പരിശീലനത്തിലാണ് നിർമിത ബുദ്ധിയുടെ പരിശീലനവും ഉൾപ്പെടുത്തിയിരിക്കുന്നത്. വനിതാ സമാധാന സേനാംഗങ്ങളെ ലോകമെമ്പാടുമുള്ള സേവനത്തിനായി സജ്ജമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് യുഎഇയിൽ നടക്കുന്ന പരിശീലന പദ്ധതി. യുഎഇ, ഈജിപ്ത്, ബെഹറിൻ, യമൻ, താൻസാനിയ, ഗാംബിയ, ലൈബീരിയ, പാക്കിസ്ഥാൻ, കൊസവോ, കിർഗീസ് റിപ്പബ്ലിക് എന്നീ പത്ത് രാജ്യങ്ങളിൽ നിന്നുള്ള സൈനിക ഉദ്യോഗസ്ഥരാണ് ഈ വർഷത്തെ പരിശീലന പരിപാടിയിൽ പങ്കെടുത്തത്.
സമാധാനത്തിലും സുരക്ഷയിലും സ്ത്രീകളുടെ പങ്ക് ശക്തിപ്പെടുത്തുക, സമാധാന പരിപാലന മേഖലകളിൽ സ്ത്രീകൾക്കിടയിൽ ശൃംഖല കെട്ടിപ്പടുക്കുക, നിർമ്മിത ബുദ്ധിയുടെ മേഖലകളിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ സെപ്റ്റംബർ വരെ തുടരുന്ന പരിശീലന പരിപാടി ലക്ഷ്യമിടുന്നു.