ദുബായ്> യുഎഇയിൽ നികുതി ലംഘനം നടത്തിയ കമ്പനികളുടെ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പിടിച്ചെടുത്തു. ഏഴ് മില്യൺ ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. നികുതി ചട്ടങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട ഉൽപ്പന്നങ്ങൾക്കെതിരെയാണ് ഫെഡറൽ ടാക്സ് അതോറിറ്റിയുടെ നിയന്ത്രണം. നിയമലംഘനത്തിൽ കഴിഞ്ഞ വർഷത്തേതിനേക്കാൾ 256 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തി.
2024 ൻറെ ആദ്യ പകുതിയിൽ 7.26 മില്യൺ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു . കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 8.89 ദശലക്ഷമായിരുന്നു. ഇവയിൽ നികുതി അടയ്ക്കുന്നതിൽ പരാജയപ്പെട്ട 5.52 ദശലക്ഷം പുകയിലയും അനുബന്ധ ഉൽപന്നങ്ങളും ഉൾപ്പെടുന്നു.
കൂടാതെ ശീതളപാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ, മധുര പാനീയങ്ങൾ തുടങ്ങി മറ്റ് എക്സൈസ് സാധനങ്ങളുടെ 1.74 ദശലക്ഷം യൂണിറ്റുകളും കണ്ടുകെട്ടി.
മൂല്യവർധിത നികുതി ബാധ്യതകൾ പാലിക്കാത്ത ഉൽപ്പന്നങ്ങളുടെ വിൽപ്പന അല്ലെങ്കിൽ സംഭരണം തടയുന്നതിന് ഫെഡറൽ ടാക്സ് അതോറിറ്റി ഇലക്ട്രോണിക് മോണിറ്ററിങിലൂടെയാണ് പരിശോധനകൾ നടത്തുന്നത്. 2024 ലെ ആദ്യ ആറു മാസങ്ങളിൽ 109 കാമ്പെയ്നുകൾ വഴി 40,580 ഫീൽഡ് പരിശോധനകൾ അതോറിറ്റി നടത്തി.
ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം നികുതി നിയമങ്ങൾ നടപ്പിലാക്കുക, ശരിയായ നികുതി ഇൻവോയ്സിംഗ് ഉറപ്പാക്കുക, വിലനിർണ്ണയം പ്രദർശിപ്പിക്കുക, നികുതി വെട്ടിപ്പ് പരിഹരിക്കുക എന്നിവയാണ് അധികൃതർ ലക്ഷ്യമിടുന്നത്.
വിപണി മേൽനോട്ടം വർദ്ധിപ്പിക്കുന്നതിനും നികുതി പാലിക്കൽ ഉറപ്പാക്കുന്നതിനുമുള്ള അധികൃതരുടെ ശ്രമങ്ങളെ എഫ്ടിഎ ഡയറക്ടർ ജനറൽ ഖാലിദ് അലി അൽ ബുസ്താനി പ്രശംസിച്ചു.