ന്യൂഡൽഹി> ഒരാൾ കുറ്റസമ്മതം നടത്തിയാൽ മാത്രമേ അന്വേഷണവുമായി സഹകരിക്കുന്നുള്ളുവെന്ന് അർത്ഥമില്ലെന്ന് സുപ്രീംകോടതി. ‘ഒരാൾ അന്വേഷണവുമായി സഹകരിക്കാതിരിക്കുന്നതും കുറ്റസമ്മതം നടത്താത്തതും വ്യത്യസ്തമായ കാര്യങ്ങളാണ്. ചോദ്യംചെയ്യപ്പെടുമ്പോൾ കുറ്റാരോപിതർ കുറ്റസമ്മതം നടത്തണമെന്ന് ഒരു നിർബന്ധവുമില്ല. കുറ്റസമ്മതം നടത്തിയാൽ മാത്രമേ ഒരാൾ അന്വേഷണവുമായി സഹകരിക്കുന്നുള്ളുവെന്ന് പറയാൻ കഴിയില്ല’ –- ജസ്റ്റിസ് ഭൂഷൺ ഗവായ്, ജസ്റ്റിസ് സന്ദീപ്മെഹ്ത എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.
സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ച വ്യക്തിയെ അറസ്റ്റ് ചെയ്ത ഗുജറാത്ത് പൊലീസ് ഇൻസ്പെക്ടർക്കും ആ വ്യക്തിയെ റിമാൻഡ് ചെയ്ത മജിസ്ട്രേറ്റിനും എതിരെ കോടതിഅലക്ഷ്യനടപടികൾ ആരംഭിച്ചാണ് സുപ്രീംകോടതിയുടെ പ്രധനാനിരീക്ഷണം. അന്വേഷണവുമായി സഹകരിക്കാത്തതിനാൽ പ്രതിയെ കസ്റ്റഡിയിൽ വിടണമെന്ന പൊലീസിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നുവെന്ന മജിസ്ട്രേറ്റിന്റെ അവകാശവാദം ഖണ്ഡിച്ചാണ് സുപ്രീംകോടതി കുറ്റസമ്മതവും അന്വേഷണവുമായി സഹകരിക്കലും വ്യത്യസ്തമായ കാര്യങ്ങളാണെന്ന് വിശദീകരിച്ചത്.
പൊലീസ് ഉദ്യോഗസ്ഥൻ മുമ്പാകെ കുറ്റാരോപിതൻ നടത്തുന്ന കുറ്റസമ്മതങ്ങൾക്ക് തെളിവെന്ന രീതിയിൽ നിയമപരമായ പ്രസക്തിയില്ലെന്ന വസ്തുതയും സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. കുറ്റസമ്മതമൊഴികൾ കുറ്റപത്രത്തിന്റെ ഭാഗമാക്കരുതെന്നും അധികൃതർ അങ്ങനെ ചെയ്താൽ തെളിവെന്ന രീതിയിൽ അതിനെ കോടതികൾ പരിഗണിക്കരുതെന്നും സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിട്ടുണ്ട്.