മേപ്പാടി > ‘എന്ത് ആവശ്യത്തിനും മോന് എന്നെ വിളിക്കാം. എപ്പോഴും ഒപ്പമുണ്ടാകും. ഒരുകാര്യത്തിനും മടി വിചാരിക്കണ്ട. കോളേജ് ഹോസ്റ്റലിലേക്ക് മടങ്ങി പോകണം. പഠനം തുടരണം.’–– മന്ത്രി ആർ ബിന്ദു അഭിനന്ദിനെ ചേർത്തുപിടിച്ചു പറഞ്ഞു. തിങ്കളാഴ്ച മുതൽ ക്ലാസിലെത്തുമെന്ന് അഭിനന്ദിന്റെ മറുപടി.
മേപ്പാടിയിലെ ബന്ധുവീട്ടിലാണ് ഉരുൾപൊട്ടൽ ദുരന്തത്തിൽ മാതാപിതാക്കളെയും അടുത്ത ബന്ധുക്കളെയും നഷ്ടമായ അഭിനന്ദിനെ മന്ത്രി സന്ദർശിച്ചത്. ചൂരൽമല ഹൈസ്കൂൾ റോഡിൽ പുളിക്കാട്ടിൽ പി എസ് അഭിനന്ദിന് (19) ഉരുൾപൊട്ടലിൽ അമ്മമ്മ പി പങ്കജാക്ഷി (75), അച്ഛൻ പി കെ സുരേഷ് (55), അമ്മ സതീദേവി (47), അമ്മയുടെ സഹോദരിയുടെ മകൾ അനാമിക (14) എന്നിവരെയാണ് നഷ്ടമായത്.
ആദ്യ ഉരുളിൽ വീട്ടിലുണ്ടായിുരുന്ന നാലുപേരുമായി വീട് പൂർണമായി ഒലിച്ചുപോയി. വീട്ടിലില്ലാതിരുന്നതിനാലാണ് അഭിനന്ദും സഹോദരൻ പി എസ് അഭിജിത്തും അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. മാനന്തവാടി ഗവ. കോളജിൽ ബിഎസ്സി മൂന്നാം വർഷ വിദ്യാർഥിയായ അഭിനന്ദ് ഹോസ്റ്റലിലും ഫെഡറൽ ബാങ്ക് ജീവനക്കാരനായ സഹോദരൻ അഭിജിത്ത് എറണാകുളത്തുമായിരുന്നു.
അഭിനന്ദിന്റെ ഉപരിപഠനമടക്കമുള്ള ചെലവുകൾ കോളേജിലെ അധ്യാപകർ ഏറ്റെടുത്തതായി പ്രിൻസിപ്പൽ ഡോ. കെ അബ്ദുൾ സലാം, വൈസ് പ്രിൻസിപ്പൽ ഡോ. എൻ മനോജ്, ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഡോ. രോഹിത് കെ രാജ് എന്നിവർ മന്ത്രിയെ അറിയിച്ചു. അഭിനന്ദിന്റെ സഹോദരൻ പി എസ് അഭിജിത്ത്, ദുരന്തത്തിൽ സഹദേരിയെ നഷ്ടമായ അമ്മയുടെ സഹോദരിയുടെ മകൾ പ്ലസ് ടു വിദ്യാർഥി വി അവന്തിക എന്നിവരെയും മന്ത്രി ആശ്വസിപ്പിച്ചു.
മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പ് സന്ദർശിച്ച മന്ത്രി കോളേജ് വിദ്യാർഥികൾ അടക്കമുള്ളവരോട് സംസാരിച്ചു. ദുരന്തത്തിൽനിന്ന് രക്ഷപെടുന്നതിനിടെ ഫോണുകൾ നഷ്ടമായ നാല് വിദ്യാർഥികൾക്ക് കോഴിക്കോട് ജില്ലയിലെ ക്യാമ്പസുകളിലെ എൻഎസ്എസ് പ്രവർത്തകർ നൽകുന്ന മൊബൈൽ ഫോണുകൾ മന്ത്രി കൈമാറി.