ന്യൂഡൽഹി
നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെട്ട മഹാദുരന്തത്തിനു ശേഷവും കേന്ദ്രമന്ത്രിമാർ കേരളത്തെ കുത്തിനോവിക്കുകയും അവഹേളിക്കുകയും ചെയ്യുകയാണെന്ന് ജോൺബ്രിട്ടാസ് എംപി. വനം,പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവ് ഉൾപ്പടെയുള്ളവർ ഒരോദിവസവും കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്ന പ്രസ്താവന നടത്തുന്നതിൽ ഹരം കണ്ടെത്തുന്നു. കേന്ദ്രആഭ്യന്തരമന്ത്രിയും ഇത്തരം പരാമർശങ്ങൾ നടത്തി.
ദുരന്തവേളയിൽ രാഷ്ട്രീയ പഴിചാരൽ വിനോദങ്ങളിൽ മുഴുകുന്നത് കേന്ദ്രമന്ത്രിമാർ അവസാനിപ്പിക്കണം. വയനാട്ടിലെ ഹതാശരായ ജനങ്ങൾക്ക് രാജ്യത്തിന്റെ മുഴുവൻ ഐക്യദാർഢ്യം ആവശ്യമുള്ള സമയമാണിതെന്നും ജോൺബ്രിട്ടാസ് രാജ്യസഭയിൽ ധനവിനിയോഗ ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുത്ത് പറഞ്ഞു. രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും വർധിക്കുമ്പോൾ ഒരുതരത്തിലുള്ള ആശ്വാസനടപടികളും ഇല്ലാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും ബ്രിട്ടാസ് പറഞ്ഞു.