തിരുവനന്തപുരം
വിദ്യാഭ്യാസ നിലവാരം കൂടുതൽ കാര്യക്ഷമമാക്കുന്നിന്റെ ഭാഗമായി സ്കൂൾ പരീക്ഷകളിൽ മിനിമം മാർക്ക് നിർബന്ധമാക്കി സർക്കാർ. സംസ്ഥാന സിലബസിൽ പഠിക്കുന്ന കുട്ടികൾക്ക് എട്ട്, ഒമ്പത് ക്ലാസുകളിൽ ഇനി ഓൾ പാസ് ഉണ്ടാകില്ല. വിജയിക്കാൻ മിനിമം മാർക്ക് വേണം. പത്താംക്ലാസിൽ ഓരോ വിഷയത്തിനും മിനിമം മാർക്ക് നിർബന്ധമാക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഘട്ടം ഘട്ടമായാകും ഇത് നടപ്പാക്കുക. ഈ അക്കാദമിക വർഷം എട്ടാംക്ലാസിലും അടുത്തവർഷം ഒമ്പതിലും മിനിമം മാർക്ക് പ്രാബല്യത്തിൽ വരും. 2026-–-27ൽ എസ്എസ്എൽസി പരീക്ഷ മിനിമം മാർക്ക് രീതിയിലാണ് നടക്കുക.
പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർധിപ്പിക്കുന്നതിനായി മേയ് 28ന് നടന്ന വിദ്യാഭ്യാസ കോൺക്ലേവിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന്റെ ആദ്യപടിയായാണ് തീരുമാനം. 30 ശതമാനം മിനിമം മാർക്ക് വേണമെന്നാണ് കോൺക്ലേവ് ശുപാർശ ചെയ്തത്. പത്താംക്ലാസിൽ ഇനി മുതൽ എഴുത്തുപരീക്ഷയ്ക്കും നിരന്തര മൂല്യനിർണയത്തിനും പ്രത്യേകം മിനിമം മാർക്ക് വേണം.
നിരന്തര മൂല്യനിർണയത്തിൽ തികഞ്ഞ ജാഗ്രത പുലർത്തുന്നതിനും മെറിറ്റ് മാത്രം പരിഗണിക്കുന്നതിനുമായി പ്രത്യേക മാനദണ്ഡങ്ങൾ പുറപ്പെടുവിക്കും. ഇതിന്റെ ആദ്യ പടിയായി ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ ജനപങ്കാളിത്തത്തോടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടി ആസൂത്രണം ചെയ്യും.