ബംഗളൂരു
കര്ണാടകത്തില് കാര്വാറില് ദേശീയപാതയില് കാളി നദിക്ക് കുറുകെയുള്ള പാലം വാഹനം ഓടിക്കൊണ്ടിരിക്കെ തകർന്നു. പാലത്തോടൊപ്പം നദിയിലേക്ക് വീണ ടാങ്കര് ലോറിയിൽനിന്ന് ഡ്രൈവറെ രക്ഷപ്പെടുത്തി. ഗോവയിൽ നിന്ന് മംഗളൂരു ഭാഗത്തേക്കുള്ള ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് കാർവാറിനെ ഗോവയുമായി ബന്ധിപ്പിക്കുന്ന 41 വര്ഷം പഴക്കമുള്ള പാലം മൂന്നായി തകർന്ന് വീണത്. അപ്പോള് പാലത്തിലൂടെ പോവുകയായിരുന്ന ലോറി നദിയില്വീണു. ഡ്രൈവർ ബാലമുരുഗനെ മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തി. പത്ത് വർഷമായി പാലത്തിന്റെ അപകടാവസ്ഥ നാട്ടുകാര് ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും അധികൃതർ ഗൗനിച്ചിരുന്നില്ല. അപകടം പുലർച്ചെ ആയതിനാൽ വലിയ ദുരന്തം ഒഴിവായി.