ദുബായ് > പാരീസ് 2024 ഒളിമ്പിക്സിൽ അഞ്ച് കായിക ഇനങ്ങളിൽ യുഎഇയുടെ പതിനാല് അത്ലറ്റുകൾ മത്സരിക്കുന്നു. രാജ്യത്തിൻ്റെ കായിക സാന്നിധ്യം ആഗോള തലത്തിൽ വർദ്ധിപ്പിക്കുന്നതിലും ഭാവി തലമുറയുടെ അഭിലാഷങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും ഒളിംപിക്സിലെ പങ്കാളിത്തം പ്രധാന നാഴികക്കല്ലാണെന്ന് യുഎഇ കായിക മന്ത്രി ഡോ. അഹമദ് ബെൽഹൗൽ അൽ ഫലാസി പറഞ്ഞു. ഒളിമ്പിക് ഇനത്തിൽ തങ്ങളുടെ താരങ്ങൾ മികച്ച വിജയം നേടണമെന്ന് അദ്ദേഹം ആശംസിച്ചു.
2024ലെ പാരീസ് ഒളിമ്പിക് ഗെയിംസിൽ അഭിമാനത്തോടെ രാജ്യത്തെ പ്രതിനിധീകരിക്കുന്നവരിൽ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 14 അത്ലറ്റുകളും 24 അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കൽ, മെഡിക്കൽ സ്റ്റാഫും ഉൾപ്പെടുന്നതാണ് യുഎഇ പ്രതിനിധി സംഘം. കുതിരസവാരി, ജൂഡോ, സൈക്ലിംഗ്, നീന്തൽ, അത്ലറ്റിക്സ് എന്നീ അഞ്ച് കായിക ഇനങ്ങളിലാണ് അത്ലറ്റുകൾ മത്സരിക്കുന്നത്.
2024 ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെ നടക്കുന്ന പാരീസ് 2024 ഒളിമ്പിക്സിൽ 200 ദേശീയ ഒളിമ്പിക് കമ്മിറ്റികളിൽ നിന്നുള്ള 10,500 കായികതാരങ്ങൾ ഒളിമ്പിക്സിൽ പങ്കെടുക്കുന്നുണ്ട്.