കുവൈത്ത് സിറ്റി> കുവൈത്ത് മറൈൻ സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന 33-ാമത് പേൾ ഡൈവിംഗ് ഫെസ്റ്റിവൽ ആഗസ്ത് 10 മുതൽ 15 വരെ നടത്തും. മുത്തുപെറുക്കാൻ മനുഷ്യനിർമിത കപ്പലുകളിൽ പൂർവികർ നടത്തിയ കടൽ യാത്രകളുടെ പുനരാവിഷ്ക്കാരമായാണ് പേൾ ഡൈവിംഗ് ഫെസ്റ്റിവൽ നടത്തുന്നത് .
ആഗസ്റ്റ് 10ന് രാവിലെ 8.30ന് സാൽമിയയിലെ ക്ലബ്ബിന്റെ തീരത്തു നിന്ന് പായ് കപ്പലുകൾ പുറപ്പെടുന്ന ‘ദശ’ ചടങ്ങ് നടക്കും. ആഗസ്ത് 15 വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് കപ്പലുകൾ തിരിച്ചെത്തും. ‘അൽ ഗഫൽ’ എന്നറിയപ്പെടുന്ന ഈ ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കും.15നും 19നും ഇടയിൽ പ്രായമുള്ള കുവൈത്ത് യുവാക്കൾക്കളാണ് പേൾ ഡൈവിംഗ് ഫെസ്റ്റിവലിൽ പങ്കെടുക്കുക. ഫെസ്റ്റിവലിന്റെ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. നാലു കപ്പലുകളിലായി യുവാക്കൾ അഞ്ചുദിവസം കടലിൽ ചെലവഴിക്കും. മുത്തുവാരലും പരമ്പരാഗത രീതികളുമായാണ് ഈ ദിവസങ്ങൾ കഴിച്ചുകൂട്ടുക.
രാജ്യത്തിന്റെ സമുദ്ര പൈതൃകവും ജനങ്ങളുടെ ഉപജീവിതമാർഗവും പുനരാവിഷ്കരിക്കുന്നതാണ് പേൾ ഡൈവിംഗ് ഫെസ്റ്റിവൽ. യുവതലമുറകൾക്ക് അവരുടെ പൂർവ്വികർ അഭിമുഖീകരിച്ച ആവേശവും ബുദ്ധിമുട്ടുകളും അനുഭവിക്കാൻ സഹായിക്കുന്നതിനായി എല്ലാ വർഷവും ഫെസ്റ്റിവൽ നടത്തപ്പെടുന്നു. 1986ലാണ് കുവൈത്ത് സീ സ്പോർട്സ് ക്ലബ് ഈ വാർഷിക ഫെസ്റ്റിവലിന് തുടക്കമിട്ടത് .