ന്യൂഡൽഹി
അമേരിക്കൻ ചിന്തകൻ നോം ചോംസ്കി നരേന്ദ്രമോദിയെ വിമര്‍ശിച്ച് നടത്തിയ പരാമര്‍ശം പിഎച്ച്ഡി ഗവേഷണ നിര്‍ദേശത്തിൽ ഉള്‍പ്പെടുത്തിയ ഗവേഷകന് കാരണംകാണിക്കൽ നോട്ടീസ് നൽകി ഡൽഹിയിലെ സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റി. അച്ചടക്കനടപടി തുടങ്ങിയതോടെ ഗവേഷണ നിര്‍ദേശത്തിന് അനുമതി നൽകിയ പ്രമുഖ ശ്രീലങ്കൻ സോഷ്യോളജി അധ്യാപകൻ സസൻക പെരേര യൂണിവേഴ്സിറ്റിയിൽ നിന്ന് രാജിവച്ചു. നോട്ടീസ് ലഭിച്ച ഗവേഷകൻ യൂണിവേഴ്സിറ്റിയോട് മാപ്പപേക്ഷിച്ചുവെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.കശ്മീരിന്റെ നരവംശശാസ്ത്രവും രാഷ്ട്രീയവുമായി ബന്ധപ്പെട്ട പിഎച്ച്ഡി ഗവേഷണ നിര്ദേത്തിലാണ് 2022ൽ യുട്യൂബിൽ വന്ന അഭിമുഖത്തിൽ ചോംസ്കി നടത്തിയ മോദി വിമര്‍ശം ഗവേഷകൻ ഉദ്ധരിച്ചത്. തീവ്ര ഹിന്ദുത്വ പാരമ്പര്യത്തിൽ നിന്നുവരുന്ന മോദി ഇന്ത്യൻ മതേതര ജനാധിപത്യത്തെ തകിടംമറിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ചോംസ്കി പറഞ്ഞത്.