സ്വന്തം ലേഖകൻ
തിരുവനന്തപുരം
തിരുവനന്തപുരം മൃഗശാലയിലെ ഹനുമാൻ കുരങ്ങുകളെ ചൊവ്വ മുതൽ ഒരു കൂട്ടിൽ കാണാം. തിരുപ്പതിയിൽനിന്നുകൊണ്ടുവന്ന പെൺകുരങ്ങും ഹരിയാന റോത്തക്കിൽനിന്നുകൊണ്ടുവന്ന രണ്ട് പെൺകുരങ്ങുകളും ഒരു ആൺ കുരങ്ങുമാണ് ഇവിടെയുള്ളത്. റോത്തക്കുകാർ കൂട്ടുകാരാണ്. ഇവരെ കഴിഞ്ഞ ദിവസം കൂട്ടിൽനിന്ന് തുറസായ സ്ഥലത്തേക്ക് മാറ്റി. പക്ഷേ ഇവരോട് തിരുപ്പതിക്കാരി ചങ്ങാത്തം കൂടിയിട്ടില്ല. നാലുപേർക്കും കൂട്ടുകൂടാൻ അവസരമൊരുക്കിയശേഷം ഒരുമിച്ച് തുറസായ സ്ഥലത്ത് അധിവസിപ്പിക്കാനാണ് തീരുമാനം. തിരുപ്പതിയിൽനിന്നുകൊണ്ടുവന്ന പെൺകുരങ്ങാണ് പുറത്തേക്ക് ചാടിപ്പോയി ‘വിവാദം സൃഷ്ടിച്ചത്’. ആഴ്ചകൾക്കുശേഷമാണ് ഇതിനെ പിടികൂടിയത്. ഈ കുരങ്ങിന് ഒരു ആൺകുഞ്ഞ് ജനിച്ചെങ്കിലും മൂന്നുമാസത്തിനുള്ളിൽ ചത്തു. ഒപ്പമുണ്ടായിരുന്ന ആൺകുരങ്ങും ചത്തു. അതിനുശേഷം തനിച്ച് താമസിക്കുന്ന കുരങ്ങ് വേഗം മറ്റുള്ളവയുമായി ഇണങ്ങുമെന്നാണ് അധികൃതർ കരുതുന്നത്.